ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശം: ഹൈക്കോടതി

കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കണമെന്നത് പൂർണ്ണമായും ഒരു വ്യക്തിയുടെ തീരുമാനമാണ്. ഇക്കാര്യത്തിൽ മറ്റൊരാൾക്കോ സമൂഹത്തിനോ നിർദ്ദേശം നൽകാൻ യാതൊരു അവകാശവുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചുരിദാർ ധരിച്ച് സ്‌കൂളിൽ എത്തരുതെന്ന കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുടെ നിർദ്ദേശത്തിനും ബുദ്ധിമുട്ടിക്കലുകൾക്കുമെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ സമർപ്പിച്ച ഹർജിയിൽ വിധി പറയവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർണ്ണായക നിരീക്ഷണം.

മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന ഒരു സ്ത്രീയുടെ അന്തസ്സും വ്യക്തിത്വവും നിശ്ചയിച്ചിരിക്കുന്നത്. സാരി പോലെ തന്നെ മാന്യമായ രീതിയിൽ ചുരിദാർ ധരിക്കുന്നത് ഒരാളുടെ പദവിയെയോ തൊഴിൽപരമായ കാര്യക്ഷമതയെയോ കുറച്ചുകാണിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മുൻ ഉത്തരവുകൾ പ്രകാരം അധ്യാപകർക്ക് സ്‌കൂളിൽ മാന്യമായ ചുരിദാർ ധരിച്ചെത്താൻ പൂർണ്ണ അനുമതിയുണ്ടെന്ന് വ്യക്തിമാക്കിയ കോടതി, സ്വന്തം വ്യക്തിപരമായ നിലപാടുകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ മാനേജർക്ക് അവകാശമില്ലെന്നും വ്യക്തമാക്കി.

ഹർജിക്കാരിയായ ഹെഡ്മിസ്ട്രസിനെ ഇനി ഏതെങ്കിലും രീതിയിൽ മാനേജരോ സ്കൂൾ അധികൃതരോ തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ അവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൊട്ടാരക്കര പോലീസിന് കോടതി നിർദ്ദേശം നൽകി. അതേസമയം, അധ്യാപികയോട് അപമര്യാദയായി പെരുമാറിയ മാനേജരെ അയോഗ്യനാക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യത്തിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Related Articles

- Advertisement -spot_img

Latest Articles