മുനമ്പം ഭൂമി തർക്കം: വഖഫ് ട്രൈബ്യൂണൽ ഉത്തരവിനെതിരെയുള്ള വഖഫ് ബോർഡിന്റെ അപ്പീലുകൾ ഹൈക്കോടതി തള്ളി

കൊച്ചി: മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വ്യക്തത വരുത്തണമെന്ന കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ വഖഫ് ബോർഡ് നൽകിയ ഹരജികൾ ഹൈക്കോടതി തള്ളി. ട്രൈബ്യൂണലിന്റെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബോർഡിന്റെ നാല് അപ്പീൽ ഹരജികളും നിരസിച്ചത്. ട്രൈബ്യൂണൽ ആവശ്യപ്പെട്ട പ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി സമർപ്പിക്കുന്നതിനായി വഖഫ് ബോർഡിന് ഹൈക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

2019 മേയ് 20-നാണ് മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് പ്രഖ്യാപിച്ച് വഖഫ് ബോർഡ് ഉത്തരവിറക്കിയത്. ഇതിനെതിരെ ലഭിച്ച ഹരജികളിലാണ് നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് വ്യക്തമാക്കാൻ വഖഫ് ട്രൈബ്യൂണൽ ബോർഡിനോട് ആവശ്യപ്പെട്ടത്. 1995-ലെ വഖഫ് നിയമത്തിലെ സെക്ഷൻ 4, 5, 6 പ്രകാരമുള്ള നിർബന്ധിത നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടോ, ഭൂമിയുടെ സർവേയും പട്ടിക തയ്യാറാക്കലും നടന്നിട്ടുണ്ടോ, സർവേ പട്ടിക ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നോ തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കാണ് ബോർഡ് വിശദീകരണം നൽകേണ്ടത്.

2019-ലെ ബോർഡ് ഉത്തരവിന് മുമ്പ് വഖഫ് നിയമത്തിലെ ഇത്തരം നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചതിന്റെ രേഖകളൊന്നും ലഭ്യമല്ലെന്നാണ് ഹരജിക്കാരുടെ പ്രധാന വാദം. ഈ വിഷയത്തിൽ വ്യക്തത ലഭിക്കുന്നതിനാണ് ട്രൈബ്യൂണൽ ചോദ്യരൂപത്തിൽ വിവരങ്ങൾ തേടിയത്. അതേസമയം, വഖഫ് ബോർഡിന്റെ 2019 മേയ് 20-ലെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള പ്രധാന ഹരജിയിലെ മറ്റ് നടപടികൾ വഖഫ് ട്രൈബ്യൂണലിൽ തടസ്സമില്ലാതെ തുടരുമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Related Articles

- Advertisement -spot_img

Latest Articles