കൊച്ചി: ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററായിരുന്ന ശ്യാം സുന്ദറിനെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്ലിം സമുദായത്തിന് പുറത്തുനിന്നുള്ള ഒരാൾ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സി.പി.എം ബന്ധം ഉപേക്ഷിച്ച് ലീഗിലെത്തിയ ശ്യാം സുന്ദർ, കഴിഞ്ഞ തവണ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. അവിടെനിന്നാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിലെ രണ്ടാമത്തെ ഉയർന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത പ്രമുഖ നേതാക്കളെയാണ് ഇത്തവണ പാർട്ടി നേതൃനിരയിലേക്ക് പ്രധാനമായും പരിഗണിച്ചിരിക്കുന്നത്. ശ്യാം സുന്ദറിന് പുറമേ പി. അബ്ദുൽ ഹമീദ്, എ. അബ്ദുറഹിമാൻ എന്നിവരെയും പുതിയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. പി. ഉബൈദുള്ള, കമാൽ മാക്കിയിൽ, റഫീഖ് മണിമല എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടറിമാർ.
മുഹമ്മദ് ടി. പാറാട്, ജി. മാഹിൻ അബൂബക്കർ എന്നിവരെ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ കാസർകോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും സാദിഖലി തങ്ങൾ നടത്തി. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെയും പോഷക സംഘടനകളെ ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പുനഃസംഘടന.



