കണ്ണൂർ: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വൈസ് ചാൻസലർ അനുമതി നിഷേധിച്ച പരിപാടി പൂട്ടുപൊളിച്ച് നടത്തി എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ക്യാമ്പസ് യൂണിയൻ. മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉദ്ഘാടകയായി എത്തിയ ‘മസ്ദൂരി’ എന്ന പേരിൽ സംഘടിപ്പിച്ച ‘ഷീ ഫെസ്റ്റ്’ പരിപാടിക്കാണ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു അനുമതി നിഷേധിച്ചത്. വി.സിയുടെ അനാവശ്യ വിലക്കിനെ തുടർന്ന് പൂട്ടിക്കിടന്ന സെമിനാർ ഹാൾ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവുമായെത്തി തുറന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ പരിപാടി തടയാനുള്ള സർവകലാശാലാ അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ക്യാമ്പസിൽ ഉയർന്നത്.
ചടങ്ങിൽ സംസാരിച്ച ഐഷി ഘോഷ്, യുവാക്കളുടെ ശബ്ദത്തെയും പുതിയ ആശയങ്ങളെയും അധികാരികൾ ഭയപ്പെടുകയാണെന്ന് തുറന്നടിച്ചു. ഭഗത് സിങ്ങിനെയും ചെ ഗുവേരയെയും സ്മരിച്ച അവർ, ഒരു വ്യക്തിയെ തടയാൻ സാധിച്ചേക്കാം എന്നാൽ വളർന്നുവരുന്ന ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ആർ.എസ്.എസിനെയും വി.സിയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച ഐഷി ഘോഷ്, വിലക്കുകൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന വിദ്യാർത്ഥികളുടെ പ്രഖ്യാപനമാണ് ഈ പരിപാടിയെന്നും കൂട്ടിച്ചേർത്തു. അതേസമയം, സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് വി.സി ശ്രമിച്ചതെന്നും ഐഷി ഘോഷിനെ ഭയന്നാണ് പരിപാടി തടയാൻ നോക്കിയതെന്നും എസ്.എഫ്.ഐയും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും കുറ്റപ്പെടുത്തി. സെമിനാർ ഹാൾ ഉപയോഗിക്കാൻ വി.സിയുടെ മുൻകൂർ അനുമതി ലഭിച്ചില്ലെന്ന കാരണത്താലാണ് ക്യാമ്പസ് ഡയറക്ടർ ഹാൾ അനുവദിക്കാതിരുന്നത്.



