യു.എസ്-ഇറാൻ ചർച്ചകളിൽ തടസ്സം നിന്നാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: യു.എസ്-ഇറാൻ ചർച്ചകളിലും ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇടപെടുകയോ തടസ്സം നിൽക്കുകയോ ചെയ്താൽ ഒമാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിന്റെ നീക്കങ്ങൾക്ക് തടസ്സമായി നിന്നാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് ‘ഫോക്സ് ന്യൂസ്’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിൽ നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചകൾ നീണ്ട സാങ്കേതിക ചർച്ചകൾക്കൊടുവിൽ പുതിയ റൂട്ട് മാപ്പിൽ ഒമാനുമായി ധാരണയായതായി കഴിഞ്ഞ ശനിയാഴ്ച ഇറാൻ പ്രസ്താവിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയ്ക്കും ഇറാന്റെ ഇടയിൽ ദീർഘകാലമായി മധ്യസ്ഥത വഹിക്കുന്ന ഒമാനെതിരെ ട്രംപ് രണ്ടാമതും കടുത്ത പരസ്യ ഭീഷണി മുഴക്കുന്നത്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐ.ആർ.ജി.സി) ഉന്നത ഉദ്യോഗസ്ഥരുമായി വാഷിങ്ടൺ നേരിട്ട് ബാക്ക് ചാനൽ ആശയവിനിമയ സംവിധാനം വഴി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാൻ എത്രയും വേഗം വെള്ളക്കൊടി ഉയർത്തി കീഴടങ്ങാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇറാൻ മികച്ച പോക്കർ കളിക്കാരാണെങ്കിലും നിലവിൽ തകർച്ചയുടെ അരികിലാണെന്നും പരിഹസിച്ചു.

ഫലസ്തീൻ വിഷയത്തിലും നിർണായക നിലപാടുകൾ വ്യക്തമാക്കിയ ട്രംപ്, ഗസ്സയിൽ ഇസ്രായേൽ ഇനി ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ടു. ഹമാസ് ആയുധങ്ങൾ വെച്ചു കീഴടങ്ങാൻ സമ്മതിച്ചിട്ടുണ്ടെന്നും, അവരുമായി അമേരിക്കയ്ക്ക് പ്രത്യേക ആശയവിനിമയ ചാനലുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഹമാസിനെ നിരായുധീകരിക്കുക, ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ വ്യവസ്ഥകളടങ്ങിയ തന്റെ സമാധാന പദ്ധതി നടപ്പാക്കാൻ യു.എസ് ശക്തമായ സമ്മർദ്ദം ചെലുത്തിവരികയാണ്. അതിനിടെ, ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് കരുതുന്നതായി പറഞ്ഞ ട്രംപ്, വരും ദിവസങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.

 

Related Articles

- Advertisement -spot_img

Latest Articles