റിയാദ്: സൗദി അറേബ്യയിലെ ബിഷയിൽ ആത്മഹത്യ ചെയ്ത തമിഴ്‌നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ബിഷയിൽ നിന്ന് ജിദ്ദ വഴി മുംബൈയിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കുമുള്ള വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.
സൗദിയിലെത്തി പത്ത് മാസം മാത്രം പിന്നിട്ട രാജഭാരതിയെ ബിഷയിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ഇനി ജീവിച്ചിരിക്കില്ലെന്ന് വ്യക്തമാക്കി സഹോദരിക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് മരണവിവരം പുറത്തറിയാൻ കാരണമായത്. പുലർച്ചെ സന്ദേശം കണ്ട സഹോദരി സൗദിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയും, തുടർന്ന് ഇവർ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. രാത്രി 12-നും പുലർച്ചെ 1-നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രണയിച്ച യുവതിയുടെ വിവാഹം രണ്ട് ദിവസം മുമ്പ് നടന്നതിന്റെ നിരാശയിലാണ് യുവാവ് ജീവനൊടുക്കിയത്.
സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്മ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലർ അസിസ്റ്റൻസ് (സി.സി.ഡബ്ല്യു.എ) അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ (കൊണ്ടോട്ടി), രാജഭാരതിയുടെ നാട്ടുകാരൻ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.



