വാഷിങ്ടൺ: വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ വംശജരായ വോട്ടർമാർക്കിടയിൽ ട്രംപിന്റെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചതായും, ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ പദ്ധതിയിടുന്നതായും എ.എ.പി.ഐ ഡാറ്റ (AAPI Data), എ.പി.ഐ.എ വോട്ട് (APIAVote) എന്നിവർ ചേർന്ന് നടത്തിയ സർവേ വ്യക്തമാക്കുന്നു. ഏഷ്യൻ-അമേരിക്കൻ വോട്ടർമാരിൽ 70 ശതമാനം പേരും ട്രംപിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തിയവരാണ്.
സർവേ വിവരങ്ങൾ അനുസരിച്ച്, ജനപ്രതിനിധി സഭയിലേക്ക് 66 ശതമാനം ഇന്ത്യൻ വംശജരും ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണയ്ക്കുമ്പോൾ വെറും 22 ശതമാനം പേർ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. സെനറ്റ് തെരഞ്ഞെടുപ്പിലും ചിത്രം സമാനമാണ്; 66 ശതമാനം പേർ ഡെമോക്രാറ്റുകൾക്കും 18 ശതമാനം പേർ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യൻ വംശജരായ സമൂഹങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഇന്ത്യൻ വംശജരാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂല നിലപാടെടുത്ത വിഭാഗങ്ങൾക്കിടയിൽ പോലുമുണ്ടായ ഈ മാറ്റം ശ്രദ്ധേയമാണ്; 2024-ൽ കാർണഗി എൻഡോവ്മെന്റ് സർവേയിൽ 32 ശതമാനം ഇന്ത്യൻ വംശജർ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിൽ നിലവിൽ അതിൽ വൻ ഇടിവ് രേഖപ്പെടുത്തി. എങ്കിലും, ഇന്ത്യൻ വംശജരായ പുരുഷന്മാർക്കിടയിൽ 40 ശതമാനത്തോളം പേർ ഇപ്പോഴും ട്രംപിന് പിന്തുണയറിയിക്കുന്നു എന്നത് റിപ്പബ്ലിക്കന്മാർക്ക് ചെറിയ ആശ്വാസമാണ്.
ജീവിതച്ചെലവ്, പണപ്പെരുപ്പം, ആരോഗ്യ സംരക്ഷണം, കുറ്റകൃത്യങ്ങൾ, വംശീയത എന്നിവയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളായി വോട്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഇറാനുമായുള്ള സൈനിക-സാമ്പത്തിക സംഘർഷങ്ങൾ തുടരുന്നതിനാൽ 78 ശതമാനം പേരും വിദേശനയത്തെയും യുദ്ധങ്ങളെയും സുപ്രധാന വിഷയമായി കരുതുന്നു. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിൽ ഡെമോക്രാറ്റുകൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് 44% പേർ വിശ്വസിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നത് 18% പേർ മാത്രമാണ്. ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷത്തെ പ്രവർത്തനങ്ങളിൽ 71 ശതമാനം ഇന്ത്യൻ വംശജരും വിയോജിപ്പ് പ്രകടിപ്പിച്ചതായി 2026-ലെ കാർണഗി എൻഡോവ്മെൻ്റ് റിപ്പോർട്ടും ശരിവെക്കുന്നു. ട്രംപ് സർക്കാരിന്റെ താരിഫ് സാമ്പത്തിക നയങ്ങൾ, കുടിയേറ്റ വിഷയങ്ങളിലെ കടുത്ത നിലപാടുകൾ, കൂടാതെ വലതുപക്ഷ സഖ്യങ്ങളിൽ നിന്ന് ഉയരുന്ന വംശീയ അധിക്ഷേപങ്ങൾ എന്നിവയാണ് റിപ്പബ്ലിക്കൻ പാർട്ടിയോട് വോട്ടർമാർ അകലാൻ കാരണമായി സർവേകൾ വിലയിരുത്തുന്നത്.



