ടെഹ്റാൻ: പശ്ചിമ ഇറാനിൽ ഓടിക്കൊണ്ടിരുന്ന ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുർദിസ്താൻ, ഹമദാൻ പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന നഗര പാതയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട ടാങ്കർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ വൻ സ്ഫോടനത്തോടെ തീപിടിക്കുകയായിരുന്നു. മറ്റ് നിരവധി വാഹനങ്ങളിലേക്ക് തീ പടർന്നുപിടിച്ചതാണ് അപകടത്തിന്റെ ആഘാതവും മരണസംഖ്യയും ഉയർത്തിയത്. ബ്രേക്ക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സനന്ദജിലെ വിവിധ മെഡിക്കൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, മേഖലയിൽ ഇന്ധന ടാങ്കറുകളുമായി ബന്ധപ്പെട്ട് മറ്റ് ഗുരുതര സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഖാർഗ് ദ്വീപിന് സമീപം എണ്ണ ഇറക്കുന്നതിനിടയിൽ ഇറാനിയൻ എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യു.എസ് നാവികസേനയുടെ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി അമേരിക്കൻ സെൻട്രൽ കമാൻഡ് ആരോപിച്ചതിന് പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ ജൂലൈ മാസത്തിലും ഹുർമുസ് കടലിടുക്കിൽ നാവിക മൈനിൽ ഇടിച്ച് എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച സംഭവമുണ്ടായിരുന്നു. തുടർച്ചയായുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സുരക്ഷാ സന്നാഹങ്ങൾ അതീവ ജാഗ്രതയിലാണ്.



