മമ്മൂട്ടിയുടെ ജന്മദിനം: സൗദിയിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് മമ്മൂട്ടി ഫാൻസ്‌

റിയാദ്: മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സൗദി അറേബ്യ സെൻട്രൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ റിയാദ്, ദമ്മാം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ മാതൃകയായ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കിയത്.

അരനൂറ്റാണ്ടിലേറെയായി അഭിനയരംഗത്ത് നിറഞ്ഞുനിൽക്കുന്ന മമ്മൂട്ടി, മികച്ച നടനുള്ള നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ പ്രതിഭയാണ്. അഭിനയത്തിനപ്പുറം ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ’ പ്രസ്ഥാനത്തിലൂടെയും നിരവധി കാരുണ്യ പദ്ധതികളിലൂടെയും ജനങ്ങൾക്ക് ആശ്വാസമേകുന്ന താരം കൂടിയാണ് അദ്ദേഹം. പ്രിയതാരത്തോടുള്ള സ്നേഹവും ആദരവും പങ്കുവെക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് വർഷംതോറും ആരാധകർ ഇത്തരത്തിൽ രക്തദാനമടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.

റിയാദിൽ സുലൈമാനിയയിലെ പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്ററിൽ നടന്ന ക്യാമ്പിന് മമ്മൂട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ സെൻട്രൽ പ്രസിഡന്റ് നൗഷാദ് കോട്ടക്കൽ, ട്രഷറർ ഫവാദ് മുഹമ്മദ്‌, റിയാദ് പ്രസിഡന്റ് നൗഷാദ് ചോറ്റൂർ, കോർഡിനേറ്റർ ഇജാസ് ബിനു, ഡോക്ടർ മാജിദ് എന്നിവർ നേതൃത്വം നൽകി. ദമ്മാമിൽ പീപ്പിൾസ് ബ്ലഡ്‌ ഡൊണേഷൻ ആർമിയുമായി സഹകരിച്ചാണ് രക്തദാന പരിപാടി സംഘടിപ്പിച്ചത്.

വനിതകൾ ഉൾപ്പെടെ നിരവധിയാളുകൾ പ്രിയതാരത്തോടുള്ള സ്നേഹസൂചകമായി രക്തം നൽകാൻ മുന്നോട്ടുവന്നു. ദമ്മാമിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് ശിഹാസ് അലി, സെക്രട്ടറി ലൈസൺ വിജിൻദാസ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് താജു മജീദ്, സുനിൽ മുഹമ്മദ്‌, റോഷൻ, യാസിർ, സകീർ ഹുസൈൻ, ബ്ലഡ്‌ ഡൊണേഷൻ ഗ്രൂപ്പ്‌ കോർഡിനേറ്റർ ഷിനാജ് എന്നിവർ നേതൃത്വം നൽകി. പ്രിയനടന്റെ ജന്മദിനം രക്തദാനം പോലെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ആഘോഷിക്കാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംഘാടകരും പ്രവർത്തകരും.

Related Articles

- Advertisement -spot_img

Latest Articles