ചെന്നൈ: പ്രധാന പ്രതിപക്ഷമായ ഡി.എം.കെയുടെ ഭരണകാലത്തെ അഴിമതികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ വൻ ബഹളവും പ്രതിപക്ഷ പ്രതിഷേധവും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വിവരങ്ങളും സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും ഉദ്ധരിച്ച് വിജയ് നടത്തിയ രൂക്ഷമായ ആരോപണങ്ങളാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. മുൻ ഭരണകാലത്ത് നഗരവികസന വകുപ്പ്, മദ്യവിൽപ്പന ശൃംഖലയായ ‘ടാസ്മാക്’ എന്നിവ വഴി ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ വലിയ തോതിൽ ക്രമക്കേടുകൾ നടത്തിയതായി മുഖ്യമന്ത്രി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി തുടങ്ങിയവർ അഴിമതിയുടെ ഗുണഭോക്താക്കളാണെന്ന് കേന്ദ്ര ഏജൻസിയുടെ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും, ഡി.എം.കെയുടേത് ‘സയന്റിഫിക് അഴിമതി’യാണെന്നും വിജയ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡി.എം.കെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ആരോപണങ്ങൾ നിയമസഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചും വെല്ലിലേക്ക് ഇറങ്ങിയും ഡി.എം.കെ എം.എൽ.എമാർ ബഹളം വെച്ചു.
തുടർന്ന് സ്പീക്കർ ജെ.സി.ഡി പ്രഭാകർ ഇടപെട്ട് വാച്ച് ആൻഡ് വാർഡ് ജീവനക്കാരെ ഉപയോഗിച്ച് പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നിയമവാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് വിജയ് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ ആരോപണങ്ങൾ തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷം, തെളിവുകളില്ലാതെ നിയമസഭയെ രാഷ്ട്രീയ വൈരാഗ്യ തീർക്കലിനായി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.



