ഇടുക്കി: കുമളിയിൽ പതിനാറുകാരിയായ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തും കൊല്ലം പട്ടട സ്വദേശിയുമായ ഗോഡ്സണെയാണ് കുമളി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ അഭിരാജനെ പോലീസ് നേരത്തെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായതായി വ്യക്തമായത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന പെൺകുട്ടിയുടെ അമ്മ ഗോഡ്സനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. തന്നോട് ഗോഡ്സൺ മോശമായി പെരുമാറിയ വിവരം പെൺകുട്ടി കൂട്ടുകാരിയോട് വെളിപ്പെടുത്തിയിരുന്നതായും, ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ ക്രൂരമായി മർദ്ദിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. വീട്ടിൽ നേരിടേണ്ടി വന്ന കടുത്ത ശാരീരിക-മാനസിക പീഡനങ്ങളും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പിടികൂടാത്തതിൽ നാട്ടുകാരിലും സുഹൃത്തുക്കൾക്കിടയിലും ശക്തമായ ജനരോഷം ഉയർന്നിരുന്നു. ഇതോടെ ഇടുക്കി എസ്.പി. എ. നസീമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കൊച്ചിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കുമളി എസ്.ഐ. എം.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗോഡ്സണെ പിടികൂടിയത്. കുമളിയിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



