ന്യൂ ഡൽഹി: പതിനാറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ലോകത്ത് ആദ്യമായി നിരോധനം ഏർപ്പെടുത്തിയ ഓസ്ട്രേലിയ, ഇപ്പോൾ ഉപയോക്താക്കൾക്കായി മറ്റൊരു പുതിയ നിയമനിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നു. ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ നിയമത്തിൻ്റെ ഭാഗമായി “മൈ ഫീഡ്, മൈ വേ” എന്ന പേരിൽ അവതരിപ്പിച്ച പുതിയ നിയമത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫീഡുകൾ പൂർണ്ണമായും നിയന്ത്രിക്കാനും അൽഗോരിതത്തിന്റെ സഹായമില്ലാത്ത ഫീഡുകളിലേക്ക് മാറാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
നിലവിലുള്ള സംവിധാനമനുസരിച്ച് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക്ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ഓൺലൈൻ പെരുമാറ്റങ്ങളും നിരന്തരം നിരീക്ഷിച്ചുകൊണ്ട്, കൂടുതൽ സമയം ഫോണിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് അൽഗോരിതങ്ങൾ വഴി കാണിക്കുന്നത്. ഇത് ഉപയോക്താക്കളിൽ മാനസിക ബുദ്ധിമുട്ടുകൾക്കും ബോഡി ഇമേജ് പ്രശ്നങ്ങൾക്കും അനാവശ്യമായ അടിമത്തത്തിനും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപെടുന്നു. പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ ഉപയോക്താക്കൾക്ക് അൽഗോരിതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിഗത ഫീഡുകൾ വേണമോ അതോ തങ്ങൾ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രം മതിയോ എന്ന് മുൻകൂട്ടി തിരഞ്ഞെടുക്കാൻ സാധിക്കും.
പുതിയതും നിലവിലുള്ളതുമായ എല്ലാ ഉപയോക്താക്കൾക്കും അവസരം ലഭ്യമാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ നിർബന്ധിതരാകും.
മാറ്റം വരുന്നതോടെ ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയിൽ കൂടുതൽ സ്വയംഭരണാധികാരം ലഭിക്കുകയും കൂടുതൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓസ്ട്രേലിയയുടെ പുതിയ മാതൃക ഇന്ത്യ പോലുള്ള രാജ്യങ്ങളിലും നടപ്പിലാക്കുകയാണെങ്കിൽ ഡിജിറ്റൽ രംഗത്ത് അത് വലിയൊരു വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഇന്ത്യയിൽ കുട്ടികളും യുവജനങ്ങളും അടക്കം വലിയൊരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നവരായതിനാൽ, അൽഗോരിതങ്ങൾ ഉണ്ടാക്കുന്ന അഡിക്ഷനും മാനസിക സമ്മർദ്ദവും കുറയ്ക്കാൻ ഇത്തരം നിയമങ്ങൾ ഏറെ സഹായകരമാകും. അൽഗോരിതം കാണിക്കുന്ന തരംതിരിച്ച ഉള്ളടക്കങ്ങൾക്ക് പകരം, ഉപയോക്താക്കൾ യഥാർത്ഥത്തിൽ താൽപ്പര്യപ്പെടുന്നതോ അല്ലെങ്കിൽ ഫോളോ ചെയ്യുന്നതോ ആയ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം കൃത്യമായി കാണാൻ ഇതിലൂടെ സാധിക്കും. ഉപയോക്താക്കളുടെ ഡാറ്റ ദുരുപയോഗം ചെയ്ത് പരസ്യങ്ങൾക്കായി അവരെ നിരന്തരം സ്വാധീനിക്കുന്ന കമ്പനികളുടെ മേധാവിത്വത്തിന് കടിഞ്ഞാണിടാനും ഇത് ഉപകരിക്കും. ഇന്ത്യയിലെ നിലവിലുള്ള ഐ.ടി നിയമങ്ങളുടെ പരിധിയിൽ നിന്ന് ഇത്തരം കർശന വ്യവസ്ഥകൾ നടപ്പിലാക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും കൂടുതൽ പരിഗണന നൽകാൻ നിർബന്ധിതരാകും.



