ടെഹ്റാൻ: അമേരിക്കയോ ഇസ്രായേലോ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖമേനിയുടെ സൈനിക ഉപദേശകനും മുതിർന്ന മേജർ ജനറലുമായ യഹ്യ റഹീം സഫവിയാണ് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാഴ്സ്’ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
പേർഷ്യൻ ഉൾക്കടലിൽ നിന്നും ഹോർമുസ് കടലിടുക്കിൽ നിന്നും ആരംഭിച്ച സംഘർഷം ഇതിനകം തന്നെ ചെങ്കടലിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും, യു.എസിന്റെ ഭാഗത്തുനിന്ന് കൂടുതൽ അധിനിവേശ നീക്കങ്ങളുണ്ടായാൽ പ്രത്യാക്രമണം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും സഫവി വ്യക്തമാക്കി. യു.എസ്-ഇസ്രായേൽ സഖ്യത്തിൽ നിന്ന് വീണ്ടും ആക്രമണമുണ്ടായാൽ നേരിടാൻ സാധിക്കുന്ന രീതിയിലുള്ള ഏറ്റവും കടുത്ത പ്രത്യാക്രമണ പദ്ധതികൾക്ക് ഇറാൻ സൈന്യം രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത യെമനിലെ ഹൂതികളെ പ്രശംസിച്ച സഫവി, നൂറിലധികം വർഷങ്ങളായി തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ യെമൻ ജനത പോരാടുകയാണെന്ന് ചൂണ്ടിക്കാട്ടി. അമേരിക്ക പുതിയൊരു യുദ്ധത്തിന് തിരികൊളുത്തിയാൽ ചെങ്കടലും ബാബ് അൽ-മന്ദേബ് കടലിടുക്കും കേന്ദ്രീകരിച്ച് തങ്ങളുടെ കൺമുന്നിൽ തന്നെ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുമെന്ന് അമേരിക്കൻ ഭരണകൂടം ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



