വാഷിംഗ്ടൺ: ഫ്രാൻസിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി വിമർശിക്കുകയും കടുത്ത ഇസ്ലാമോഫോബിക് പരാമർശങ്ങൾ നടത്തുകയും ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ സ്കൂളുകളിൽ നിലനിൽക്കുന്ന നിലവിലെ പ്രശ്നങ്ങൾ കേവലം വിദ്യാഭ്യാസപരമായതോ സ്കൂളുകളുമായി ബന്ധപ്പെട്ടതോ ആയ വിഷയമല്ലെന്നും ഇസ്ലാം മതം ഫ്രാൻസിനെ കൈയടക്കുന്നതിന്റെ സൂചനയാണെന്നുമാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര തലത്തിൽ വലിയ വംശീയ-വിദ്വേഷ വിവാദങ്ങൾക്കാണ് ട്രംപിന്റെ പ്രസ്താവന തിരികൊളുത്തിയിരിക്കുന്നത്.
ഫ്രാൻസിൽ പെൺകുട്ടികൾ അബായ (മുസ്ലിം സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രം) ധരിക്കുന്നത് നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്. എന്നാൽ ഈ വസ്ത്രധാരണ സ്വാതന്ത്ര്യ സമരത്തെയും പ്രതിഷേധങ്ങളെയും തള്ളിക്കളഞ്ഞ ട്രംപ്, ഫ്രഞ്ച് സംസ്കാരത്തെയും പാശ്ചാത്യ മൂല്യങ്ങളെയും ഇസ്ലാം ഇല്ലാതാക്കുകയാണെന്ന തീവ്ര വലതുപക്ഷ വാദങ്ങൾ ആവർത്തിക്കുകയായിരുന്നു.
യൂറോപ്പിലെ കുടിയേറ്റ നയങ്ങളെയും ഫ്രഞ്ച് സർക്കാറിന്റെ ഭരണ നിലപാടുകളെയും ചോദ്യം ചെയ്ത ട്രംപ്, ഇത്തരം സമരങ്ങൾ ഫ്രാൻസിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നും ആരോപിച്ചു. ട്രംപിന്റെ വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഫ്രാൻസിലെ സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നും ആഗോളതലത്തിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് ട്രംപ് നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.



