ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായി സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരെയും നിയമിച്ച നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പുതിയ ഹരജി. 2023-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഈ നിയമനങ്ങൾ നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി സൂരി പയാലയാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം കേസ് ഫയൽ ചെയ്തത്. നിലവിലുള്ള നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ഓരോ ഒഴിവിലേക്കും സെർച്ച് കമ്മിറ്റി അഞ്ചുപേർ വീതമുള്ള പാനൽ തയ്യാറാക്കേണ്ടതുണ്ടെങ്കിലും, 2024 മാർച്ചിൽ രണ്ടു ഒഴിവുകൾ വന്നപ്പോൾ പത്തുപേർക്ക് പകരം ആറുപേരുടെ ചുരുക്കപ്പട്ടിക മാത്രമാണ് ഉണ്ടാക്കിയതെന്നും അതിൽ നിന്നാണ് ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തിടുക്കത്തിലാണ് നിയമന നടപടികൾ പൂർത്തിയാക്കിയതെന്നും ഹരജിക്കാരൻ വാദിക്കുന്നു.
സെർച്ച് കമ്മിറ്റി അന്തിമ പട്ടിക കൈമാറുന്നതിന് മുൻപ് തന്നെ നൂറുകണക്കിന് ആളുകളുടെ വലിയൊരു പട്ടിക പ്രതിപക്ഷ നേതാവിന് നൽകിയതും, ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒറ്റ ദിവസം കൊണ്ട് തന്നെ നിയമനം നടത്തിയതും സുതാര്യതയില്ലായ്മയായി ഹരജി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2023-ലെ നിയമത്തിലെ അഞ്ചാം വകുപ്പ് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കൃത്യമായ പരിചയസമ്പത്തുള്ളവരെ മാത്രമേ നിയോഗിക്കാവൂ എന്ന നിർദേശവും ലംഘിക്കപ്പെട്ടിട്ടുണ്ട്. ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ മുൻകാല ഔദ്യോഗിക പദവികളുടെയോ എക്സിക്യൂട്ടീവ് റെക്കോർഡുകളുടെയോ അടിസ്ഥാനത്തിൽ ഇവർക്കൊന്നും തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട നേരിട്ടുള്ള മുൻപരിചയമില്ല. 2025 ഫെബ്രുവരിയിൽ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഉയർത്തി നിയമിച്ചപ്പോഴും കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വീണ്ടും പാലിച്ചില്ലെന്നും, കേന്ദ്ര നിയമത്തെ തന്നെ ചോദ്യം ചെയ്യുന്ന ഹരജികൾ നിലനിൽക്കെ നടത്തിയ ഈ നിയമനങ്ങൾ റദ്ദാക്കണമെന്നുമാണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹരജിയിലെ പ്രധാന ആവശ്യം.



