സുപ്രീം കോടതി ഉത്തരവ് കാറ്റിൽപ്പറത്തി ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി; സുരക്ഷ ശക്തമാക്കി പൊലീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങൾക്കിടെ തലസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണങ്ങൾ. പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ച് പ്രധാനപ്പെട്ട ആറ് മെട്രോ സ്റ്റേഷനുകൾ കൂടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അടച്ചുപൂട്ടി. പട്ടേൽ ചൗക്ക്, ജനപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ്, ബരാഖംബ റോഡ് എന്നീ സ്റ്റേഷനുകളാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെ മുതൽ അടച്ചിട്ടിരിക്കുന്നത്. എങ്കിലും ഈ സ്റ്റേഷനുകളിലെ ഇന്റർചേഞ്ച് സൗകര്യങ്ങൾ മാത്രം പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സമരക്കാരെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്നും മെട്രോ, റെയിൽവേ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് ഡി.എം.ആർ.സിയുടെ നടപടി. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും റോഡുകളിലും പതിനായിരക്കണക്കിന് പൊലീസുകാരെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ള 30 പ്രധാന പോയിന്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡൽഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles