ഇന്ത്യാ മുന്നണി നേതാക്കൾക്ക് ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ച അനുമതി നിഷേധിച്ചു; സുപ്രീം കോടതി മാർച്ചുമായി മുന്നോട്ട് പോകും

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും എസ്‌.ഐ.ആർ (SIR) സംബന്ധിച്ച ആശങ്കകളും നേരിട്ട് ബോധ്യപ്പെടുത്താൻ അനുമതി തേടിയ ഇന്ത്യാ മുന്നണി നേതാക്കൾക്ക് തിരിച്ചടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യാ മുന്നണി നേതാക്കളുടെ കൂടിക്കാഴ്ചാ അപേക്ഷ നിരസിച്ചു. നിലവിലെ സാഹചര്യത്തിൽ കൂടിക്കാഴ്ച അനുവദിക്കുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചിരിക്കുന്നത്. വിഷയത്തിൽ ഔദ്യോഗികമായി ഹർജി ഫയൽ ചെയ്ത് കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും, ഭരണപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാനാവില്ലെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ നിലപാടെന്നാണ് സൂചന. ഇത് സംബന്ധിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിശദമായ മറുപടി അയച്ചതായും വിവരമുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ കൊള്ളയ്ക്കെതിരെയും ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കൂടിക്കാഴ്ചാ അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എന്നാൽ കൂടിക്കാഴ്ച അനുമതി ലഭിച്ചില്ലെങ്കിലും പ്രഖ്യാപിച്ച പ്രകാരം സുപ്രീം കോടതിയിലേക്കുള്ള മാർച്ചുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാളെ രാജ്യത്തുടനീളമുള്ള യുവാക്കളും പ്രതിപക്ഷ പാർട്ടികളും പൗരസമൂഹ കൂട്ടായ്മകളും മാർച്ചിൽ അണിചേരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുൻപ് ഇന്ത്യാ മുന്നണിയുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. കോടതിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിലും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ നിരയുടെ തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles