ജിദ്ദയിൽ ഇൻഡിഗോ വിമാനം റദ്ദാക്കി; 250-ലധികം ഉംറ തീർത്ഥാടകർ വിമാനത്താവളത്തിൽ കുടുങ്ങി

ജിദ്ദ: ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഉംറ തീർത്ഥാടകരുൾപ്പെടെ 250-ലധികം യാത്രക്കാർ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്ക് പകരം വിമാനസർവീസ് സംബന്ധിച്ച് വ്യക്തമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഞായറാഴ്ച രാത്രി 10.55-ന് ജിദ്ദയിൽ നിന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6E68 ഇൻഡിഗോ വിമാനമാണ് മുടങ്ങിയത്. ഹൂതി ആക്രമണങ്ങളെത്തുടർന്നുണ്ടായ വ്യോമഗതാഗത പ്രതിസന്ധിയാണ് സർവീസിനെ ബാധിച്ചതെന്നാണ് റിപ്പോർട്ട്. ചെക്ക്-ഇൻ, എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ യാത്രക്കാർ പിന്നീട് തുടർച്ചയായ സമയമാറ്റങ്ങളാണ് നേരിട്ടത്. ഒടുവിൽ 28 മണിക്കൂറിലധികം കാത്തിരിപ്പിന് ശേഷമാണ് വിമാനം പൂർണ്ണമായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്.

യാത്രക്കാരിൽ കൂടുതലും ഉംറ തീർത്ഥാടകരാണ്. ഹൈദരാബാദ് സ്വദേശിയായ സഫിയാൻ അലി, മർസിയ അലി, മാലിഹ തുടങ്ങിയ നിരവധി യാത്രക്കാർ തങ്ങൾ നേരിടുന്ന യാത്രാപ്രതിസന്ധിയും ആശങ്കകളും തുറന്നുപറഞ്ഞ് രംഗത്തെത്തി. യാത്രക്കാർക്ക് താൽക്കാലികമായി താമസസൗകര്യം നൽകുന്നുണ്ടെങ്കിലും തുടർന്നുള്ള മടക്കയാത്ര എങ്ങനെ ക്രമീകരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സൗദിയിലെ വ്യോമഗതാഗത മേഖലയിലുണ്ടായ സംഘർഷങ്ങളും പ്രതിസന്ധികളും വിമാന സർവീസുകളെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles