മാസപ്പടി കേസ്: പിണറായി വിജയന് തിരിച്ചടി, എഫ്.ഐ.ആർ അടിയന്തരമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ എഫ്.ഐ.ആർ അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം പിന്നീട് ഉണ്ടാകും. പിണറായി വിജയൻ അടക്കമുള്ളവരാണ് എഫ്.ഐ.ആറിന് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്.

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തു. കേസെടുക്കാൻ തക്കതായ മതിയായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ പ്രാഥമിക അന്വേഷണം നടത്താനാണ് ഉത്തരവിട്ടതെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ കോടതിയിൽ ആവർത്തിച്ചു.

ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായി എതിർത്തു. പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധിയില്ലെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമല്ലോയെന്നും കോടതി നിരീക്ഷിച്ചു.

ലഭിച്ച തെളിവുകൾ കേസെടുക്കാൻ പര്യാപ്തമായിരുന്നില്ലെന്നും ഇ.ഡി. നൽകിയ തെളിവുകൾ മാത്രം അടിസ്ഥാനമാക്കി കേസെടുക്കാനാകില്ലെന്നുമാണ് സർക്കാർ അറിയിച്ചത്. അതേസമയം, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാനാകുമെന്ന ചോദ്യമാണ് ഇ.ഡി. ഉന്നയിച്ചത്. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ വാദം തുടരുകയാണ്.

ഇതിനിടയിൽ, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസുകൾ അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കാൻ സർക്കാർ നീക്കം. ഇ.ഡി. റിപ്പോർട്ടിൽ പരാമർശിച്ച വ്യത്യസ്ത കാലഘട്ടങ്ങളിലെ സാമ്പത്തിക ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് എസ്.പി.മാരുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കുക

Related Articles

- Advertisement -spot_img

Latest Articles