ദുബൈ: യു.എ.ഇയിലെ ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണച്ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുബൈ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ ഇന്ധനഗന്ധത്തിന് കാരണം ഈ എണ്ണച്ചോർച്ചയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ പ്രധാന ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചിട്ടു.
എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഫെഡറൽ, പ്രാദേശിക അധികൃതർ സംയുക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. കടലിലെ എണ്ണപ്പാടുകൾ നിയന്ത്രിക്കാനും തീരങ്ങൾ ശുചീകരിക്കാനുമുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. കടൽപരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന ആഘാതം സൂക്ഷ്മമായി വിലയിരുത്തുന്നതിനായി തീരപ്രദേശങ്ങളിൽ വിദഗ്ധ സംഘത്തിന്റെ പരിശോധനയും നിരീക്ഷണവും തുടരുന്നുണ്ട്. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ ഉമ്മുൽ ഖുവൈനിലെ ബീച്ചുകളിലേക്കും തീരപ്രദേശങ്ങളിലേക്കുമുള്ള പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായി നിരോധിച്ചതായി മന്ത്രാലയം അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര സമുദ്ര ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 9, 10 തീയതികളിൽ ഒരു സൂപ്പർ ടാങ്കർ കപ്പലിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നതായി സംശയിക്കുന്നുണ്ട്. 330 മീറ്റർ നീളമുള്ള ഈ കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ നാവികരെ അന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. എങ്കിലും, ഈ എണ്ണച്ചോർച്ചയുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രത്യേക കപ്പലിന്റെ പേര് യു.എ.ഇ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിൽ അനുഭവപ്പെട്ട ഇന്ധനഗന്ധം നിലവിൽ പൊതുജനാരോഗ്യത്തിന് നേരിട്ടുള്ള ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, തീരത്ത് അടിഞ്ഞുകൂടുന്ന എണ്ണയുമായി ആളുകൾ നേരിട്ട് സമ്പർക്കം പുലർത്തരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനും നിരോധനമുണ്ട്. കടലുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലും അറബിക്കടലിലും ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചുവരുന്നതിനിടെയാണ് ഈ എണ്ണച്ചോർച്ച സ്ഥിരീകരിച്ചിരിക്കുന്നത്. എണ്ണച്ചോർച്ചയുടെ യഥാർത്ഥ വ്യാപ്തിയും സമുദ്രജീവികൾക്കും തീരദേശ പരിസ്ഥിതിക്കും ആകെ സംഭവിച്ച നാശനഷ്ടങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമഗ്രമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.



