വൈത്തിരി: വയനാട് വൈത്തിരിയിൽ യുവതിയെ ബൈക്കിൽ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം അരീക്കോട് സ്വദേശി അമ്പിളിയാനത്ത് വീട്ടിൽ വി.സി. മുഹമ്മദ് സാലിഹ് (29) ആണ് വൈത്തിരി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 11-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചുണ്ടേൽ ടൗണിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടർന്ന് വിജനമായ റോഡരികിൽ വാഹനം നിർത്തി ഇയാൾ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിന് തൊട്ടുപിന്നാലെ യുവതി വൈത്തിരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



