ഇസ്താംബൂളിൽ നാല് രാജ്യങ്ങളുടെ നിർണ്ണായക ഉച്ചകോടി; സംയുക്ത പ്രതിരോധവും മിഡിൽ ഈസ്റ്റ് സമാധാനവും ചർച്ചയായി

അങ്കാറ/റിയാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങൾ, യമനിലെ നിലവിലെ സ്ഥിതിഗതികൾ, ഫലസ്തീൻ വിഷയം, ഹോർമുസ് കടലിടുക്കിലെ സുരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ നയതന്ത്ര സഹകരണം ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. ഹൂതികൾ സൗദിക്കും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കും നേരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെയും, മേഖലയിലെ ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷങ്ങളെയും മന്ത്രിമാർ ശക്തമായി അപലപിച്ചു.

അതിനിടെ, ഓഗസ്റ്റ് ഏഴിന് മക്കയിൽ വെച്ച് സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിന്റെ അംഗീകാര നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പാകിസ്താൻ വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണമുണ്ടായാൽ അതിനെ കൂട്ടായ ആക്രമണമായി കണ്ട് പ്രതിരോധിക്കാനുള്ള കരാറാണിത്. എന്നാൽ യമനിലെ ഹൂതികളുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് കടക്കാൻ നിലവിൽ പദ്ധതിയില്ലെന്നും സൗദി ആവശ്യപ്പെടുകയാണെങ്കിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായിരിക്കും മുൻഗണനയെന്നും തുർക്കി പ്രതിരോധ മന്ത്രി യാസർ ഗുലർ വ്യക്തമാക്കി.

1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരം വേഗത്തിൽ നടപ്പാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കുക, വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ വിദേശകാര്യ മന്ത്രിമാർ സംയുക്ത നിലപാട് പ്രഖ്യാപിച്ചു.

Related Articles

- Advertisement -spot_img

Latest Articles