കോഴിക്കോട്: കണ്ണൂർ ജില്ലാ സമസ്ത ആസ്ഥാനത്ത് അതിക്രമിച്ചു കയറി ക്രൂരമായ അക്രമം നടത്തിയ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം സർക്കാരിനും പോലീസിനും മുന്നറിയിപ്പ് നൽകി.
എസ്.കെ.എസ്.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നിശ്ചിത കൗൺസിലർമാർ മാത്രം പങ്കെടുത്ത ഔദ്യോഗിക യോഗത്തിലേക്കാണ് അക്രമിസംഘം അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഘടനയുടെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ അക്രമം അഴിച്ചുവിട്ടതും ജനലുകളും വാതിലുകളും അടിച്ചു തകർത്തതും തീർത്തും അപലപനീയവും നീചവുമായ പ്രവർത്തനമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ജില്ലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഈ അക്രമത്തിന് നേതൃത്വം നൽകിയെന്നത് അതീവ ഗൗരവകരവും ഖേദകരവുമാണ്.
സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്ന് ഇടപെടാനോ, ആരുടെയെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ച് സംഘടനാ സംവിധാനത്തെ വഴിതിരിച്ചുവിടാനോ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം, കുറ്റക്കാരായ അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, അൻവർ മുഹിയദ്ദീൻ ഹുദവി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല, അഷ്കർ അലി കരിമ്പ, ഖാസിം ദാരിമി കിന്യ മംഗലാപുരം, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി.ടി ജലീൽ മാസ്റ്റർ പട്ടർകുളം, മുജീബ് റഹ്മാൻ അൻസാരി നീലഗിരി, അനീസ് ഫൈസി മാവണ്ടിയൂർ, സത്താർ പന്തലൂർ,
റിയാസ് റഹ്മാനി മംഗലാപുരം, ഇസ്മയിൽ യമാനി പുത്തൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂർ പാപ്പിനിശ്ശേരി, നസീർ മൂരിയാട്, മുഹിയദ്ദീൻ കുട്ടി യമാനി പന്തിപ്പോയിൽ, അലി അക്ബർ മുക്കം, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, മുഹമ്മദലി മുസ്ലിയാർ കൊല്ലം, അനീസ് കൗസരി കർണാടക തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ.പി അഷറഫ് കുറ്റിക്കടവ് സ്വാഗതവും അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.



