കണ്ണൂർ: കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ച സമസ്ത ആസ്ഥാന മന്ദിരം സി.പി.ഐ.എം നേതാക്കൾ സന്ദർശിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസ് സന്ദർശിച്ചത്. തുടര്ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുസ്ലിം ലീഗ് ‘മുസ്ലിം ബി.ജെ.പി’യായി മാറിയെന്ന് പി. ജയരാജൻ രൂക്ഷമായി വിമർശിച്ചു.
കണ്ണൂരിലെ സമസ്ത ആസ്ഥാന മന്ദിരം തകർത്തത് ലീഗ് ക്രിമിനലുകളാണെന്നും ഫാസിസ്റ്റ് മനോഭാവമാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. ഇവിടെ എല്ലാ സംഘടനകൾക്കും ജനാധിപത്യപരമായ അവകാശങ്ങളുണ്ട്. ജനാധിപത്യ രീതി അനുസരിച്ച് മെമ്പർമാരാണ് ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ മെമ്പർമാരുടെ ഭൂരിപക്ഷത്തെ അംഗീകരിക്കില്ലെന്നും തങ്ങളാണ് ലീഗെന്നുമാണ് അവരുടെ നിലപാട്. ജനാധിപത്യത്തെ തകർക്കാൻ ആർ.എസ്.എസും ബി.ജെ.പിയും സ്വീകരിക്കുന്ന അതേ മാതൃക തന്നെയാണ് ലീഗുകാരും ഇവിടെ അവലംബിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
കണ്ണൂർ തായത്തെ ട്രെയിനിങ് സ്കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഓഫീസിന്റെ ജനലുകളും ഗ്ലാസ് ചില്ലുകളും പൂർണ്ണമായി അടിച്ചുതകർത്തു. എസ്.കെ.എസ്.എസ്.എഫ് (SKSSF) മട്ടന്നൂർ മേഖലാ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും സംഘർഷവുമാണ് ആക്രമണത്തിൽ കലാശിച്ചത്. മുസ്ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുൻസിപ്പൽ കൗൺസിലറുമായ വി.എൻ. മുഹമ്മദലി, കീഴല്ലൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അമ്പതോളം വരുന്ന ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.



