ന്യൂഡൽഹി: ഉത്തർപ്രദേശിലെ അഅ്സംഗഢിൽ വോട്ടർമാരുടെ പേരുമാറ്റിയുള്ള വോട്ടുകൊള്ളയെക്കുറിച്ച് സമാജ്‌വാദി പാർട്ടി ഉന്നയിച്ച പരാതി ശരിയെന്ന് തെളിഞ്ഞു. തുടർന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും അഞ്ച് ബൂത്ത് ലെവൽ ഓഫിസർമാരെയും (ബി.എൽ.ഒ) വോട്ടർപട്ടിക തയാറാക്കൽ ജോലിയിൽനിന്ന് നീക്കം ചെയ്യാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി. അഅ്സംഗഢ് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടികകൾ വിശദമായി പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അഅ്സംഗഢ് 347-ാം നിയമസഭാ മണ്ഡലത്തിന്റെ വോട്ടർപട്ടികയിൽ ‘വികാസ് യാദവ്’ എന്ന പേരുള്ള ഒരേ വ്യക്തിയുടെ പേര് 10 തവണ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു പ്രധാന ആരോപണം. തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിൽ ‘വികാസ് യാദവ്’ എന്ന പേര് ആകെ 13 തവണ രേഖപ്പെടുത്തിയതായി വ്യക്തമായി. സമാന പേരും പിതാവിന്റെ പേരുമുള്ള ഒരു വോട്ടർ ഗോരഖ്പൂർ ജില്ലയിലെ ചൗരിചൗര മണ്ഡലത്തിൽ നിന്നുള്ളയാളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ബാക്കിയുള്ളതിൽ രണ്ട് പേരുകൾ മുമ്പുതന്നെ ഒഴിവാക്കിയിരുന്നുവെന്നും ശേഷിക്കുന്ന 11 എൻട്രികളും അഅ്സംഗഢ് ജില്ലയിലെ 11 വ്യത്യസ്ത വ്യക്തികളുടേതാണെന്നും പരിശോധനയിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് മറ്റ് 10 പേരുടെ ശരിയായ പേരും വിവരങ്ങളും തിരുത്തുന്നതിനായി ഫോറം-എട്ട് പൂരിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് ഉത്തരവാദികളായ കമ്പ്യൂട്ടർ അസിസ്റ്റന്റിനും അഞ്ച് ബൂത്ത് ലെവൽ ഓഫിസർമാർക്കും സേവനത്തിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, ജനപ്രാതിനിധ്യ നിയമം, 1950ലെ 32-ാം വകുപ്പ് പ്രകാരം നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് ഇവർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വിശദീകരണം തേടി നോട്ടീസ് നൽകാനും നിർദേശമുണ്ട്.



