കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗത്തിനുള്ള മരുന്നുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സി.പി.എമ്മിന്റെ പ്രചാരണങ്ങളെ പിന്തുണയ്ക്കാതെ പ്രമുഖ ഇടത് ആരോഗ്യപ്രവർത്തകർ രംഗത്ത്. ഡോ. ബി. ഇഖ്ബാൽ, ഡോ. കെ.പി അരവിന്ദൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ പിന്തുണച്ചപ്പോൾ, ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മരുന്നുകൾക്കെതിരെ ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കുകയെന്ന പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ നിന്ന് സി.പി.എം വ്യതിചലിച്ചെന്ന വിമർശനവും ഉയർന്നു.
കോൺഗ്രസിന് സംഭാവന നൽകിയ കമ്പനികളുടെ മരുന്ന് പരീക്ഷണം കേരളത്തിലെ കുട്ടികളിൽ നടത്തിയെന്ന സി.പി.എം പ്രചാരണത്തെ ഡോ. ബി. ഇഖ്ബാലും ഡോ. കെ.പി അരവിന്ദനും തള്ളിക്കളഞ്ഞു. വിഷയത്തിൽ മൂന്ന് മുൻ ആരോഗ്യമന്ത്രിമാർ ഒന്നിച്ച് വാർത്താസമ്മേളനം നടത്തിയത് അബദ്ധമായെന്ന വിലയിരുത്തലുമുണ്ട്. അതിനിടെ, ആരോപണവിധേയരായ മരുന്ന് കമ്പനിയായ നാറ്റ്കോ സി.പി.എമ്മിന് ഫണ്ട് നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നു.
ദേശാഭിമാനിയിൽ ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തയെ രൂക്ഷമായ ഭാഷയിലാണ് ഡോ. കെ.പി അരവിന്ദൻ വിമർശിച്ചത്. ദീർഘകാലം ഇടതുപക്ഷം പോരാടിയിരുന്ന പേറ്റന്റ് യുദ്ധത്തിൽ ബഹുരാഷ്ട്ര പേറ്റന്റ് കുത്തകക്കാർക്കെതിരെ വിജയം നേടുകയും, വൻതോതിൽ പുത്തൻ കാൻസർ മരുന്നുകൾ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയും ചെയ്ത ഇന്ത്യൻ കമ്പനിയെ താറടിച്ചുകൊണ്ടാവരുതായിരുന്നു ദേശാഭിമാനി വാർത്തയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാർത്തകൾ 2035 വരെ പേറ്റന്റ് കൈവശം വെച്ചിരിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് മാത്രമാണ് ലാഭമുണ്ടാക്കുക. ഇതിനെ ‘കുട്ടികളിലെ മരുന്ന് പരീക്ഷണം’ എന്ന് വിശേഷിപ്പിച്ചത് സെൻസേഷനലിസം ലക്ഷ്യമിടുന്നവരുടെ ശൈലിയായിപ്പോയെന്നും, ഇന്ത്യൻ വിപണിയിൽ ചെലവേറിയ കാൻസർ ചികിത്സ സാധാരണക്കാർക്ക് പ്രാപ്യമാക്കുന്നതിൽ നാറ്റ്കോ ഫാർമ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ‘ആരോഗ്യവകുപ്പ് തീരുമാനം സ്വാഗതാർഹം’ എന്ന കുറിപ്പോടെയാണ് ഡോ. ബി. ഇഖ്ബാൽ സർക്കാരിനെ പിന്തുണച്ചത്. നാറ്റ്കോയുടെ കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്ന് ഉപയോഗിക്കാൻ ആരോഗ്യവകുപ്പ് എടുത്ത തീരുമാനം മാതൃകാപരമാണെന്നും, ഈ തീരുമാനത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ചില മാധ്യമങ്ങളും തൽപ്പരകക്ഷികളും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



