ചേരാനല്ലൂർ കാറപകടം: ജഡ്ജിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബത്തിന്റെ ഉപരോധം തുടരുന്നു

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തുന്ന ഉപരോധ സമരം കൂടുതൽ ശക്തമാകുന്നു. കാറുടമയായ പതിനേഴുകാരന്റെ പിതാവിനെ സസ്‌പെൻഡ് ചെയ്യുക, പ്രതിയുടെ ജാമ്യം റദ്ദാക്കുക, തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിഷയത്തിൽ ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

നേരത്തെ കുടുംബം നടത്തിയ അതിശക്തമായ പ്രതിഷേധത്തിനൊടുവിൽ, പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 199-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ സൗകര്യമൊരുക്കി ഒരാളുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ തസ്തികയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ജയബാലകൃഷ്ണന്റെ മക്കൾ ആവശ്യപ്പെട്ടു. പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പോലീസും പ്രതികരണമറിയിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയെ സമീപിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിക്കഴിഞ്ഞു.

സംഭവത്തിന് പിന്നാലെ പ്രതിയുടെ ഫോട്ടോ എടുത്ത മരിച്ചയാളുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ ഡിലീറ്റ് ചെയ്യിപ്പിച്ചതായി കുടുംബം ആരോപിച്ചു. ജഡ്ജിക്കൊപ്പം എത്തിയവർ പോലീസിന്റെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നാണ് പ്രധാന ആരോപണം. 17-കാരനെ എന്തിന് വാഹനം ഓടിക്കാൻ അനുവദിച്ചുവെന്ന് ചോദിച്ചപ്പോൾ “എന്നെ നിയമം പഠിപ്പിക്കേണ്ട” എന്നാണ് ജഡ്ജി മറുപടി നൽകിയതെന്നും കുടുംബം വെളിപ്പെടുത്തി. തങ്ങൾ തട്ടുകടക്കാരായതു കൊണ്ട് പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാമെന്ന് കരുതേണ്ടെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മകൾ ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ഡി.സി.പി അരുൺ കെ. പവിത്രൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും നിലവിലെ പോലീസ് നടപടികൾ വിശദീകരിക്കുകയും ചെയ്തു. എന്നാൽ തെളിവുകൾ നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കുടുംബം കുറ്റപ്പെടുത്തി. വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായെത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles