വാഷിംഗ്ടൺ: ഒക്ടോബർ നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ നിലവിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഒഹായോയിലെ ക്ലീവ്ലാൻഡിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ സൈനിക നടപടികളെ ചൂണ്ടിക്കാട്ടി ഒബാമ ട്രംപിനെ കടന്നാക്രമിച്ചത്. ആരും ആവശ്യപ്പെടാത്തതും പൂർണ്ണമായും അനാവശ്യവുമായ ഒരു യുദ്ധത്തിലേക്കാണ് ട്രംപ് രാജ്യത്തെ തള്ളിയിട്ടതെന്ന് ഒബാമ കുറ്റപ്പെടുത്തി.
ട്രംപിന്റെ തുടർച്ചയായ തെറ്റായ തീരുമാനങ്ങളുടെ ഫലമാണ് നിലവിലുണ്ടായ പ്രതിസന്ധികൾ. ഇറാനുനേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ടെഹ്റാൻ തടസ്സപ്പെടുത്തിയത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഒബാമയുടെ വിമർശനങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് മറുപടി നൽകി. ഒബാമ അത്യധികം കഴിവുകെട്ട ഒരു പ്രസിഡന്റായിരുന്നുവെന്നും, 2015-ലെ ആണവ കരാറിലൂടെ ഇറാന് ശതകോടിക്കണക്കിന് ഡോളർ കൈമാറി അവർക്ക് ആണവായുധം നിർമ്മിക്കാനുള്ള വഴിയൊരുക്കുകയാണ് ഒബാമ ചെയ്തതെന്നും ട്രംപ് തിരിച്ചടിച്ചു.



