കണ്ണൂർ: കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള റോഡിലും ചുണ്ടയിലുമായി രണ്ടിടങ്ങളിൽ സ്റ്റീൽ ബോംബ് സ്ഫോടനം. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് കനത്ത ഭീതി പടർന്നിട്ടുണ്ട്. റോഡിൽ എറിഞ്ഞു പൊട്ടിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
സ്ഫോടനത്തിന്റെ കടുത്ത പ്രകമ്പനത്തിൽ റോഡിൽ വലിയ കുഴി രൂപപ്പെടുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. വിവരമറിഞ്ഞയുടൻ കണ്ണവം പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യക്തികളെയോ ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായി ഇതിനെ പ്രാഥമികമായി കരുതുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. നാട്ടുകാർക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ടി മനഃപൂർവം റോഡിലേക്ക് ബോംബെറിഞ്ഞതാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്



