ചേരാനല്ലൂർ കാറപകടം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് ആഭ്യന്തരമന്ത്രി; പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നിർദ്ദേശം, കുടുംബം സമരം താൽക്കാലികമായി നിർത്തി

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകട കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിൽ വീണ്ടും ശക്തമായി ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി പി. വിജയന് മന്ത്രി നിർദ്ദേശം നൽകി. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാനും സംഭവസ്ഥലമായ ചേരാനല്ലൂരിൽ നേരിട്ടെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ ന്യായാധിപനെ പ്രതിചേർത്ത വിവരങ്ങൾ ഹൈക്കോടതി രജിസ്ട്രാറെ ഔദ്യോഗികമായി അറിയിക്കാനും തീരുമാനമായി. അപകടത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി നൽകവേ മന്ത്രി തുറന്നുസമ്മതിച്ചു. തുടക്കത്തിൽ പോലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും പ്രതിക്കെതിരെ നരഹത്യാകുറ്റം ചുമത്താതിരുന്നത് വലിയ തെറ്റാണെന്നും ചൂണ്ടിക്കാണിച്ച മന്ത്രി, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. അഡീഷണൽ ജില്ലാ ജഡ്ജി റെനോ ഫെർണാണ്ടസിന്റെ ഉടമസ്ഥതയിലുള്ള അമിതവേഗതയിലെത്തിയ ബെൻസ് കാർ തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ സ്കൂട്ടറിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അതേസമയം, പൊലീസിന്റെ വീഴ്ചകൾക്കെതിരെ ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ ജയബാലകൃഷ്ണന്റെ കുടുംബം നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അച്ഛന്റെ അന്ത്യകർമ്മങ്ങൾ നടത്തുന്നതിനായി സമരം താൽക്കാലികമായി മാറ്റിവെക്കുകയാണെന്നും നാളെ ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനവും നടപടിയും ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും മക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles