തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ചരിത്രപ്രധാനമായ വയോജന ബില്ല് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. സഭയിൽ നാല് മണിക്കൂറിലധികം നീണ്ട വിശദമായ ചർച്ചകൾക്ക് ശേഷമാണ് ബില്ലിന് സഭയുടെ അംഗീകാരം ലഭിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നുവന്ന കാതലായ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ബില്ല് സഭ പാസാക്കിയത്.
വയോജനങ്ങളുടെ ചികിത്സ, സുരക്ഷ, പൂർണമായ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾക്കാണ് ബില്ലിൽ മുൻഗണന നൽകിയിരിക്കുന്നത്. പ്രായമായവർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ സമഗ്രമായൊരു നിയമനിർമാണം നടത്തുന്നത്. സഭ പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ ഒപ്പ് ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഔദ്യോഗിക നിയമമായി മാറും. വയോധികർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ മാന്യമായി ജീവിക്കാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം.



