‘ഔഷധി’യുടെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ: ശോഭന ജോർജിനെതിരായ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ‘ഔഷധി’യുടെ ഫണ്ട് ഉപയോഗിച്ച് മുൻ ചെയർപേഴ്‌സൺ ശോഭന ജോർജ് അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചെയർപേഴ്‌സണ് ഇത്തരം സൗജന്യ ചികിത്സകൾക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ വെളിപ്പെടുത്തി.

ഔഷധിയുടെ പഞ്ചകർമ്മ ആശുപത്രിയിൽ നിലവിൽ സൗന്ദര്യ ചികിത്സാരീതികൾ ലഭ്യമല്ലെന്നിരിക്കെയാണ് ഇത്തരം ചികിത്സ നടത്തിയത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ആശുപത്രിയിലെ ഡീലക്‌സ് എ.സി മുറിയിലാണ് ചികിത്സകൾ അരങ്ങേറിയത്. ഇതിനായി ദിവസേന കിലോക്കണക്കിന് ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും നാരങ്ങാനീരും ഉൾപ്പെടെയുള്ള സാധനങ്ങൾ വൻതുക ചെലവഴിച്ച് ഔഷധിയുടെ ഔദ്യോഗിക ഫണ്ടിൽ നിന്നും വാങ്ങി നൽകുകയും ഡോക്ടർമാരുടെ സേവനം ദുരുപയോഗം ചെയ്യുകയും ചെയ്തു. മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തായിരുന്നു ഈ സംഭവം. റിപ്പോർട്ട് ലഭിച്ചെങ്കിലും ഇതുവരെ ഉപരിനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

വിഷയത്തിൽ പരിഹാസത്തോടെയുള്ള ചോദ്യങ്ങളാണ് എം.എൽ.എ ഉന്നയിച്ചത്. “300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയിൽ വയ്ക്കുകയും നാരങ്ങാനീര് കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർധിക്കുമെന്ന് കണ്ടെത്തിയ മുൻ ചെയർപേഴ്‌സണ് അതിന് പേറ്റന്റ് വല്ലതും കിട്ടിയിട്ടുണ്ടോ? ഈ വിചിത്രമായ കണ്ടെത്തൽ ഔഷധി അംഗീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ?” എന്ന് അദ്ദേഹം ചോദിച്ചു. ഇതിന് മറുപടിയായി, സാധാരണക്കാർക്ക് മികച്ച ആയുർവേദ സേവനം നൽകാനാണ് ഔഷധി പ്രവർത്തിക്കുന്നതെന്നും അല്ലാതെ സൗന്ദര്യ ചികിത്സയ്ക്കല്ല പ്രാധാന്യമെന്നും വ്യക്തമാക്കിയ മന്ത്രി, സ്ഥാപനത്തിൽ നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഔഷധി ലാഭത്തിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനമാണെന്നും കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles