കോവിഡ് കാലത്ത് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യവകുപ്പ് കോടികൾ ചെലവഴിച്ച് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാതായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. അബിൻ വർക്കി എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 7.16 കോടി രൂപ ചെലവഴിച്ചാണ് ഐഫോണുകളും ഇവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനുള്ള ഫണ്ടസ് ക്യാമറകളും വാങ്ങിയത്. എന്നാൽ ഇതിൽ ഭൂരിഭാഗവും പല ആശുപത്രികളിലായി ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് മന്ത്രി സഭയിൽ വെളിപ്പെടുത്തി.

മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി കൂട്ടി പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്ത അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തും ശേഷവും സർക്കാർ ആശുപത്രികൾക്കായി വാങ്ങിയ പല ഉപകരണങ്ങളും ഗുണനിലവാരമില്ലാത്തതാണെന്നും, പ്രവർത്തനസജ്ജമാക്കാതെ ലക്ഷങ്ങളുടെ സജ്ജീകരണങ്ങൾ നശിച്ചുകിടക്കുകയാണെന്നും കാണിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ സമഗ്ര അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളജിൽ കെ.എം.എസ്.സി.എൽ മുഖേന വിതരണം ചെയ്ത രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾക്ക് ആവശ്യമായ അളവിലും മർദ്ദത്തിലും ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെന്നും അവ പൂർണമായും പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പി.എം കെയേഴ്സ് പദ്ധതി വഴി ലഭിച്ച വെന്റിലേറ്ററുകളിൽ ചിലത് ഗുണനിലവാരമില്ലായ്മ, വിശ്വാസ്യതക്കുറവ്, ഉയർന്ന പരിപാലനച്ചെലവ് എന്നിവ കാരണം മാറ്റിവെച്ചിരിക്കുകയാണ്. കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലായി ഇത്തരം 128 വെന്റിലേറ്ററുകളാണ് ഉപയോഗിക്കാനാകാതെ കിടക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles