ഐ.സി.എഫ് ജിദ്ദ ‘എഡ്യൂ സ്‌കോളർഷിപ്പ്’ വിതരണം നവംബർ ആദ്യവാരം ആരംഭിക്കും

ജിദ്ദ: പ്ലസ് ടുവിന് ശേഷം യു.ജി കോഴ്‌സുകളിൽ പ്രവേശനം നേടിയ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) ജിദ്ദ റീജിയൻ കമ്മിറ്റി പ്രഖ്യാപിച്ച ‘എഡ്യൂ സ്‌കോളർഷിപ്പ്’ വിതരണം നവംബർ ആദ്യവാരം ആരംഭിക്കും. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

നവംബർ ആദ്യവാരം നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം, തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്കോളർഷിപ്പ് തുക കൈമാറിത്തുടങ്ങും. പ്രവാസി സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി ഐ.സി.എഫ് നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. പഠന പിന്തുണയ്ക്ക് പുറമെ, വിദ്യാർത്ഥികളിൽ ധാർമിക മൂല്യങ്ങളും വ്യക്തിത്വ വികസനവും ഉറപ്പുവരുത്തുന്നതിനായി പ്രമുഖ വ്യക്തിത്വങ്ങൾ നയിക്കുന്ന പ്രത്യേക പരിശീലന ക്ലാസുകളും എല്ലാ മാസവും സംഘടിപ്പിക്കും.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഐ.സി.എഫ് ജിദ്ദ എച്ച്.ആർ.ഡി ഡയറക്ടറേറ്റ് പ്രസിഡന്റ് അബ്ദുൽ കലാം അഹ്സനി (ചെയർമാൻ), എഡ്യൂക്കേഷൻ സെക്രട്ടറി സൈദ് മുഹമ്മദ് മാസ്റ്റർ (കൺവീനർ), യാസർ അറഫാത്ത്, മൻസൂർ മാസ്റ്റർ, സ്വാദിഖ് ചാലിയാർ, സുജീർ പുത്തൻപള്ളി, അനസ് ഓച്ചിറ എന്നിവരടങ്ങിയ കോഓർഡിനേഷൻ സമിതി രൂപീകരിച്ചു.

യോഗത്തിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, യഹ്‌യ ഖലീൽ നൂറാനി, മുഹ്സിൻ സഖാഫി, മുഹ്യിദ്ധീൻ കുട്ടി സഖാഫി ,ഹനീഫ പെരിന്തൽമണ്ണ, അബ്ദുൽ ഖാദർ സഖാഫി, മുഹ്യിദ്ധീൻ വാഴക്കാട്, സിയാദ് ബീമാപ്പള്ളി, ഹനീഫ് ബെർക്ക തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles