ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനിരിക്കെ പെന്റഗണിലെ ഉന്നത സൈനിക ആസൂത്രകനെ പുറത്താക്കി അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതിനിടെ, പെന്റഗണിലെ ഉന്നത സൈനിക ആസൂത്രകനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പദവിയിൽ നിന്ന് പുറത്താക്കി. അമേരിക്കൻ സൈനിക തന്ത്രങ്ങളും യുദ്ധപദ്ധതികളും ആസൂത്രണം ചെയ്യുന്ന പെന്റഗണിലെ പ്രധാന വിഭാഗമായ ‘J5’ (സ്ട്രോറ്റജി, പ്ലാൻസ് ആൻഡ് പോളിസി ഡയറക്ടറേറ്റ്) തലവൻ ലെഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വിദേശ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിൽവിയയെ പുറത്താക്കിയതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അദ്ദേഹത്തിന് പകരം ആരെ നിയമിക്കുമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

സൈനിക ലക്ഷ്യങ്ങൾ പ്രവർത്തനപദ്ധതികളാക്കി മാറ്റുന്നതിലും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാനും പ്രസിഡന്റുമായുള്ള സൈനിക ഏകോപനത്തിലും നിർണായക പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥനാണ് സിൽവിയ. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും സൈനിക നടപടി വേണമോയെന്ന് ട്രംപ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത അഴിച്ചുപണി. പുതിയ ആക്രമണസാധ്യത കണക്കിലെടുത്ത് മേഖലയിലെ സഖ്യരാജ്യങ്ങൾക്ക് തയാറെടുപ്പുകൾ നടത്താൻ യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ട്രംപ് അന്തിമ അനുമതി നൽകിയിട്ടില്ല. തിരിച്ചടിയുണ്ടായാൽ ഇറാന്റെ ആക്രമണം മേഖലയിലെ ഊർജ്ജകേന്ദ്രങ്ങളെയും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളെയും ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

പീറ്റ് ഹെഗ്സെത്ത് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്ന നടപടികളുടെ തുടർച്ചയായാണ് ഈ സംഭവവും. ഹെഗ്സെത്തിന്റെ കാലത്ത് J5 ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ജനറലാണ് സിൽവിയ. ഇദ്ദേഹത്തിന്റെ മുൻഗാമി ലെഫ്റ്റനന്റ് ജനറൽ ജോസഫ് മക്ഗീയെയും നേരത്തെ വിരമിക്കാൻ നിർബന്ധിതനാക്കിയിരുന്നു. കൂടാതെ, കരസേനയിലെയും നാവികസേനയിലെയും സിവിലിയൻ മേധാവികൾ ഉൾപ്പെടെ രണ്ടു ഡസനോളം ജനറൽമാരും അഡ്മിറൽമാരും ഹെഗ്സെത്തിന്റെ കാലയളവിൽ പുറത്താക്കപ്പെടുകയോ പദവികൾ ഒഴിയുകയോ ചെയ്തിട്ടുണ്ട്. 2027 ജനുവരി ഒന്നിനകം അമേരിക്കൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികകൾ 20 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനും ഹെഗ്സെത്ത് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles