ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) തലവൻ റാഫേൽ ഗ്രോസി വാഷിംഗ്ടണിന്റെയും ശത്രുരാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഏജന്റായി പ്രവർത്തിക്കുകയാണെന്ന് ഇറാന്റെ ആണവോർജ്ജ സംഘടനാ മേധാവി മുഹമ്മദ് എസ്ലാമി. ഐ.എ.ഇ.എ ഡയറക്ടർ ജനറൽ പ്രായോഗികമായി ശത്രുക്കളുടെ വിധേയനായി മാറിയിരിക്കുകയാണെന്നും ശത്രുക്കൾക്ക് ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചോർത്തി നൽകുകയാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ പ്രക്ഷേപണ സ്ഥാപനമായ ‘ഐ.ആർ.ഐ.ബി’ക്ക് (IRIB) നൽകിയ പ്രസ്താവനയിൽ എസ്ലാമി ആരോപിച്ചു.
രാജ്യാന്തര പ്രസ്ഥാനങ്ങളുടെ അധികാരത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം നടപടികൾ അവരുടെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നതാണെന്നും, ഐക്യരാഷ്ട്രസഭയുടെ ഉടമ്പടികളുടെയും അണവായുധ വ്യാപന നിരോധന കരാറിന്റെയും (NPT) കടുത്ത ബലഹീനതയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിയന്നയിലെ ഐ.എ.ഇ.എ ആസ്ഥാനത്ത് നടന്ന വാർഷിക പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എസ് ലാമിയെ വിലക്കിയിരുന്നു. അമേരിക്ക ഓസ്ട്രിയക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് ഈ തീരുമാനം എടുപ്പിച്ചതെന്ന് ടെഹ്റാൻ ആരോപിച്ചിരുന്നു. ഇസ്രായേലും യു.എസും ആക്രമിച്ച ആണവനിലയങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ മാത്രമേ പരിശോധന അനുവദിക്കൂ എന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, രാജ്യത്തെ എല്ലാ ആണവ കേന്ദ്രങ്ങളിലേക്കും അടിയന്തരമായി പരിശോധനാ അനുമതി നൽകണമെന്ന് ഐ.എ.ഇ.എ ആവശ്യപ്പെടുന്നത് തുടരുകയാണ്.



