ടെഹ്റാൻ: ജനുവരിയിൽ രാജ്യത്തുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ പൊതുമുതലുകൾ നശിപ്പിക്കുകയും അമേരിക്കയ്ക്കും ഇസ്രായേലിനുമായി ചാരപ്രവർത്തനം നടത്തുകയും ചെയ്തുവെന്നാരോപിച്ച് മൂന്ന് യുവാക്കളുടെ വധശിക്ഷ ഇറാൻ നടപ്പാക്കി. ഹസൻ ദിയോബന്ദ്, ഹമീദ് കാസെമി, റെസാ സംഗാനേ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കരാജ് നഗരത്തിൽ തോക്കുകളും ഗ്രനേഡുകളും പെട്രോൾ ബോംബുകളും (മൊളോട്ടോവ് കോക്ടെയിൽ) ഉപയോഗിച്ച് ആക്രമണം നടത്തുകയും പൊതുസൗകര്യങ്ങൾക്കും സബ്സ്റ്റേഷനും തീയിട്ട് വൈദ്യുതബന്ധം വിച്ഛേദിക്കുകയും ചെയ്തുവെന്നതാണ് ജുഡീഷ്യറി ഇവർക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങൾ. ജനുവരിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക, ഇസ്രായേൽ ബന്ധം ആരോപിച്ച് സമീപമാസങ്ങളിൽ നിരവധി പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
അതിനിടെ, തുടർച്ചയായ വധശിക്ഷകളിൽ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇറാന്റെ നടപടിയെ അപലപിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്, മരണശിക്ഷ നടപ്പാക്കുന്നത് അടിയന്തരമായി നിർത്തിവെക്കാനും അത് പൂർണ്ണമായും ഒഴിവാക്കുന്നതിലേക്ക് നീങ്ങാനും ആവശ്യപ്പെട്ടു.



