വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ പുനരാരംഭിക്കുന്നതിനെച്ചൊല്ലി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം “നരകതുല്യമായ വാഗ്വാദത്തിൽ” കലാശിച്ചതായി റിപ്പോർട്ട്. ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ ‘വൈനറ്റ് ന്യൂസ്’ (Ynet) ആണ് വാരാന്ത്യത്തിൽ നടന്ന സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമായെന്നും ഉദ്യോഗസ്ഥർ ഇതിനെ “നരകതുല്യമായ അലർച്ച” എന്നാണ് വിശേഷിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ വാർത്ത “വ്യാജവും തികഞ്ഞ അസംബന്ധവുമാണെന്ന്” വ്യക്തമാക്കി നെതന്യാഹുവിന്റെ ഓഫീസ് തള്ളിക്കളഞ്ഞു. നേതാക്കൾ തമ്മിൽ ചർച്ച നടന്നതായി മറ്റൊരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചെങ്കിലും സംഭാഷണം സംഘർഷഭരിതമായിരുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇറാനുമായി നയതന്ത്ര പരിഹാരങ്ങൾക്കാണ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുന്നതെങ്കിൽ, ശക്തമായ സൈനിക നടപടിയും ഇറാനിൽ ഭരണമാറ്റവുമാണ് നെതന്യാഹു ആവശ്യപ്പെടുന്നത്. ആക്രമണങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് നെതന്യാഹു ദിവസവും ട്രംപിനെ ഫോണിൽ വിളിച്ചു സമ്മർദ്ദം ചെലുത്തുകയാണെന്ന് ‘ഫിനാൻഷ്യൽ ടൈംസും’ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുദ്ധം പുനരാരംഭിക്കാനുള്ള നീക്കങ്ങളെ എതിർക്കുന്ന ട്രംപ്, ഇറാനെക്കൊണ്ട് വിട്ടുവീഴ്ചകൾ ചെയ്യിക്കുന്നതിനായി സാമ്പത്തിക സമ്മർദ്ദം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. യുദ്ധം ആഗ്രഹിക്കാത്ത വൈറ്റ് ഹൗസിനകത്തും പുറത്തുമുള്ളവർ നെതന്യാഹുവിന്റെ സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഇസ്രായേലിൽ തന്റെ നേതൃത്വത്തിനെതിരെ എതിർപ്പുകൾ ഏറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ട്രംപിനുമേൽ സമ്മർദ്ദം ചെലുത്താൻ നെതന്യാഹു ശ്രമിക്കുന്നത്. അതേസമയം, മേഖലയിൽ സംഘർഷം വ്യാപിപ്പിക്കരുതെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നുമാണ് പ്രാദേശിക നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നത്. ഇറാൻ യുദ്ധം പുനരാരംഭിക്കാൻ നെതന്യാഹു നടത്തുന്ന സമ്മർദ്ദതന്ത്രത്തിൽ അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.



