കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾക്കിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. ഒരു നേരത്തെ ഭക്ഷണം നൽകിയ സഹപാഠിക്ക് അഭിമന്യു സ്വന്തം കൈപ്പടയിൽ എഴുതിയ നന്ദിക്കുറിപ്പ്, കേസിലെ സാക്ഷിയും മുൻ കെ.എസ്.യു ഭാരവാഹിയുമായിരുന്ന തംജിത്ത് കോടതിയിൽ ഹാജരാക്കിയതാണ് വിചാരണ മുറിയെ ഈറനണിയിച്ചത്. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ എന്നായിരുന്നു നോട്ടുബുക്കിലെ കടലാസിൽ അഭിമന്യു കുറിച്ചിരുന്നത്.
കടുത്ത ദാരിദ്ര്യത്തോട് പടപൊരുതിയാണ് എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യു പഠനവും സംഘടനാ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോയിരുന്നതെന്ന് തംജിത്ത് കോടതിയിൽ മൊഴി നൽകി. ഭക്ഷണം നൽകിയ വിദ്യാർത്ഥിയുടെ പാത്രത്തിനുള്ളിലാണ് അഭിമന്യു ഈ കുറിപ്പ് വെച്ചിരുന്നത്. താനത് മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നിട്ടും 2018-ൽ അഭിമന്യു കൊല്ലപ്പെടുന്ന കാലത്ത് കോളജിൽ എസ്.എഫ്.ഐയും മറ്റ് വിദ്യാർത്ഥി സംഘടനകളും തമ്മിൽ നല്ല സൗഹാർദമായിരുന്നു നിലനിന്നിരുന്നതെന്നും, കെ.എസ്.യു സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിന് ആദ്യമെത്തിയത് അഭിമന്യുവായിരുന്നുവെന്നും തംജിത്ത് ഓർമ്മിച്ചു.
അഭിമന്യു കൊല്ലപ്പെട്ട ദിവസം രാത്രി കേസിലെ ഒന്നാം പ്രതി മുഹമ്മദ് തന്നെ ഫോണിൽ വിളിച്ചിരുന്നതായി തംജിത്ത് മൊഴി നൽകി. കോളജ് ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ ബൈക്ക് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് വിളിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ക്യാമ്പസിൽ ആക്രമണം നടന്ന വിവരമറിഞ്ഞത്. അഭിമന്യുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ആ ആഘാതത്തിൽ നിന്ന് മുക്തനാകാൻ ഒരു വർഷത്തോളം സമയമെടുത്തുവെന്നും സാക്ഷി കോടതിയിൽ പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ മുമ്പാകെ നടക്കുന്ന വിചാരണയിൽ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ വിസ്താരം വരും ദിവസങ്ങളിലും തുടരും.



