അമേരിക്ക ആക്രമിച്ചാൽ തിരിച്ചടി 10 മടങ്ങ് ശക്തമായിരിക്കും; ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം

ടെഹ്റാൻ: ഇറാനെതിരെ ഇനി ആക്രമണമുണ്ടായാൽ അത് മുൻപത്തേതിനേക്കാൾ അഞ്ചിരട്ടി ശക്തമായിരിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ഇറാൻ സായുധ സേന. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പുതിയ ആക്രമണമുണ്ടായാൽ ഇറാന്റെ തിരിച്ചടി പത്തിരട്ടി രൂക്ഷമായിരിക്കുമെന്ന് സായുധ സേനാ സീനിയർ വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾഫസ്ൽ ഷെകാർച്ചി മുന്നറിയിപ്പ് നൽകി. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലുമായി അടുത്ത ബന്ധമുള്ള ‘നൂർ ന്യൂസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്ന തരത്തിലുള്ള ശക്തമായ പ്രഹരമായിരിക്കും ഇറാൻ നൽകുകയെന്നും, ശത്രുക്കളുടെ ഭൗതികവും അല്ലാത്തതുമായ എല്ലാ ആസ്തികളും ആക്രമിക്കപ്പെടുമെന്നും ഷെകാർച്ചി വ്യക്തമാക്കി. തങ്ങളുടെ പരിധിയിലുള്ള എവിടെയായിരുന്നാലും അമേരിക്കൻ താവളങ്ങളും ആസ്തികളും ലക്ഷ്യം വെക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഭീഷണികളെ ഇറാൻ ജനത ഭയപ്പെടുന്നില്ല. 2025 ജൂണിൽ ആരംഭിച്ച യുദ്ധത്തിന് മുൻപുണ്ടായിരുന്നതിനേക്കാൾ മികച്ച തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇറാന്റെ സായുധ സേനയുള്ളത്. തന്ത്രപ്രധാനമായ സൈനിക ഉപകരണങ്ങളുടെ നിർമ്മാണം ഒരിക്കലും നിലച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് യുദ്ധങ്ങളിൽ കണ്ടെത്തിയ പോരായ്മകൾ പൂർണ്ണമായും പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 47 വർഷമായി തങ്ങൾ ആരെയും അങ്ങോട്ട് ആക്രമിക്കുന്നവരല്ലെന്ന് ഇറാൻ തെളിയിച്ചിട്ടുള്ളതാണെന്നും, എന്നാൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ കേവലം പ്രതിരോധിക്കുന്നതിന് പകരം ശക്തമായ പ്രത്യാക്രമണം നടത്തുന്നവരായി ഇറാൻ മാറുമെന്നും ഷെകാർച്ചി പറഞ്ഞു. ഇറാന്റെ സമീപകാല യുദ്ധങ്ങൾ രേഖപ്പെടുത്തുന്ന ഒരു പ്രദർശനം സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

- Advertisement -spot_img

Latest Articles