കോഴിക്കോട്: കേരളതീരത്ത് തീ പിടിച്ച കപ്പലിൽ നിന്നും രക്ഷപെടുത്തിയ 18 പേരെയും മംഗലാപുരത്ത് എത്തിച്ചു. പരിക്ക് പറ്റിയ ആറുപേരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അവർക്ക് നാൽപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ മുഖത്തും കാലിലും കൈക്കുമാണ് പൊള്ളലേറ്റത്. പുക ശ്വസിച്ചവരുടെ മൂക്കിനകത്തും പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ആരോഗ്യ നില വീണ്ടെടുത്ത 12 പേരെ ഹോട്ടലുകളിലേക്ക് മാറ്റി. ചൈനയിൽ നിന്നുള്ള എട്ട് പേരും തായ്വാനിൽ നിന്നുള്ള നാലുപേരും മ്യാന്മറിൽ നിന്നുള്ള നാലുപേരും ഇന്തോനേഷ്യയിൽ നിന്നുള്ള രണ്ട പേരുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ
അപകടത്തിൽ പെട്ട കപ്പലിൽ നിന്നും കാണാതായ നാലു പേരെ ഇനിയും കണ്ടെത്തിയിട്ടില്ല, ഇവരെ കണ്ടെത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡും നാവിക സേനയും തുടരുകയാണ്. കപ്പളിൽ നിന്നുള്ള തീ കെടുത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല. കപ്പൽ കത്തിയമരുകയാണ്. കപ്പലിനകത്തെ കണ്ടെയ്നറുകളിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാക്കുന്ന വസ്തുക്കൾ ഉള്ളതാണ് തീ കെടുത്താനുള്ള ശ്രമം ദുഷ്കരമാവുന്നത്. അതിനിടെ കടവിന്റെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വസ്തുക്കൾ കപ്പലിൽ നിന്നും കടലിൽ ചേരുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കടലിൽ വീഴുന്ന വസ്തുക്കൾ കോഴിക്കോടിന്റെയും കൊച്ചിയുടെയും ഇടക്കുള്ള തീരങ്ങളിൽ അടിയാനുള്ള സാധ്യതയും ഉണ്ട്.
കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. ചില കണ്ടെയ്നറുകൾ കടലിന്റെ പ്രതലത്തിൽ കപ്പലിനോട് ചേർന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്. തീ പിടിക്കാൻ സാധ്യതയുള്ളതും പ്രതി പ്രവർത്തനം നടത്താൻ സാധ്യതയുളളതുമായ വസ്തുക്കളാണ് കണ്ടൈനറിനുള്ളത്. അത് കൊണ്ട് തന്നെ കോസ്റ്റ് ഗാർഡിനോ നേവി ഉദ്യോഗസ്ഥർക്കോ കപ്പലിനടുത്തേക്ക് എത്തുന്നത് ദുഷ്കരമാണ്. ഇത്തരം അപകട സാധ്യതകളുള്ള ഘടകങ്ങളാണ് രക്ഷാ പ്രവർത്തനം വിജയകരമാക്കാൻ താമസം നേരിടുന്നതിന്റെ കാരണം.
ഇന്നലെ ഉച്ചയോടെയാണ് കൊളോമ്പോയിൽ നിന്നും മുബൈയിലേക്ക് പുറപ്പെട്ട ചരക്കു കപ്പലിന് തീ പിടിച്ചത്. ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളുടെ 78 നോട്ടിക്കൽ മെയിൽ അകലെ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടനെ 18 പേര് കടലിൽ ചാടി രക്ഷപെട്ടു. നാലുപേരെ ഇനിയും കണ്ടെത്താനായില്ല



