ദമ്മാം: കെ പി സി സി ആഹ്വാന പ്രകാരം ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ ദമ്മാം ഒ.ഐ.സി.സി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. പ്രതിഷേധ ജ്വാലയോട് അനുബന്ധിച്ചു നടന്ന യോഗം പ്രൊവിൻസ് പ്രസിഡണ്ട് ഇ കെ സലീമിന്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉത്‌ഘാടനം ചെയ്തു.
സി പി എം ഗൂഡാലോചനയുടെ ഭാഗമാണ് ശബരിമലയിൽ നടന്ന സ്വർണ കൊള്ള. മുൻപ് തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. സർക്കാരിന്റെയും സി പി എം നേതാക്കളുടെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാല ശിൽപങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരും സി പി എമ്മും ദേവസ്വം വകുപ്പും ഈ ആസൂത്രിത കൊള്ളക്ക് ഉത്തരവാദികളാണ്. ഒരു നിമിഷം പോലും വൈകാതെ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടുകയും, ദേവസ്വം മന്ത്രി രാജിവെക്കുകകയും വേണം.
2019 -ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി പി എം നേതാവുമായ പത്മകുമാറും ബോർഡ് അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രതിചേർക്കണം. അന്ന് സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതും വളരെ ആസൂത്രിതമായ കൊള്ളയുടെ ഉദാഹരണമാണ്. 2019-ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയതു പോലെ പി എസ് പ്രശാന്ത് പ്രസിഡണ്ട് ആയ നിലവിലെ ബോര്‍ഡും ഈ കൊള്ളയിൽ പ്രതികൾ ആണ്. അവർക്കെതിരെ കേസെടുക്കാത്തത്, ആരുടെ എങ്കിലും തലയിൽ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണ്.
ലോകത്തിലെ ഏറ്റവും വലിയ കൊള്ള എന്ന് വിലയിരുത്തപ്പെടുന്ന 2003 ലെ സെൻട്രൽ ബാങ്ക് ഓഫ് ഇറാഖ് കൊള്ളയടിച്ചതിനെ വെല്ലുന്ന രീതിയിൽ നാടിനെ കൊള്ളയടിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയും മകളും മകനും മന്ത്രി മരുമകനും അനുചരന്മാരും കൂടി നാടിനെ കൊള്ളയടിച്ചു തീരാ കടത്തിൽ ആക്കിയിരിക്കുകയാണ്. അമ്പലം വിഴുങ്ങികളായ ഈ കൊള്ളസംഘത്തെ അഴിക്കുള്ളിൽ അടക്കാനുള്ള ജനവിധിയായിരിക്കും 2026 ൽ നാട് നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നൗഷാദ് തഴവ, പി.കെ അബ്ദുൽ കരിം, വിൽസൻ തടത്തിൽ, സി.ടി ശശി ആലൂർ, സക്കീർ പറമ്പിൽ, അൻവർ വണ്ടൂർ, പാർവ്വതി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രൊവിൻസ് സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഒഐസിസി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സർക്കാറിൻ്റെ ആരാധനാലയങ്ങളിലെ കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രോവിൻസ് കമ്മിറ്റി ഭാരവാഹികളായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധികാ ശ്യാം പ്രകാശ്, മനോജ് കെ.പി, യഹിയ കോയ, ബിനു പി ബേബി,റോയ് വർഗ്ഗീസ്, അൻഷാദ് ആദം,അസീസ് കുറ്റ്യാടി, അരുൺ കല്ലറ എന്നിവർ നേതൃത്വം നൽകി. ജില്ലാ/എരിയ/ വനിതാ വേദി ഭാരവാഹികളായ ശ്യാം പ്രകാശ്, അൻവർ സാദിഖ്, ഹമീദ് കണിച്ചാട്ടിൽ, ഗഫൂർ വണ്ടൂർ, മുസ്‌തഫ നണിയൂർ നമ്പറം, നജീബ് നസീർ, തോമസ് തൈപ്പറമ്പിൽ, ലിബി ജയിംസ്, സുരേഷ് മണ്ണറ, സുബൈർ പാറയ്ക്കൽ, രാജേഷ് തിരുനന്തപുരം, മുരളീധരൻ നായർ, മുനീർ മൺട്രോത്ത്, ഷിബു ശ്രീധരൻ, രാജേഷ് ആറ്റുവ, ഹുസ്ന ആസിഫ്, ഷാഹിദ് കൊടിയേങ്ങൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു



