തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപതി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം എക്‌സ് പ്ലാറ്റഫോമിൽ നിന്നും പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിലും പരസ്യപ്പെടുത്തിയതിലും ഒട്ടേറെ വിമർശങ്ങൾ കമെന്റായും മറ്റും വന്നിരുന്നു. തുടർന്ന് ഔദ്യോഗിക പേജിൽ നിന്നും രാഷ്‌ട്രപതി ഭവൻ ചിത്രം പിൻവലിക്കുകയായിരുന്നു. ശബരിമല ദർശനത്തിന് ശേഷം രാഷ്‌ട്രപതി വൈകീട്ട് തിരുവനതപുരത്ത് മടങ്ങിയെത്തി. രാജ്ഭവനിൽ രഷ്ട്രപതിക്ക് ഗവർണർ അത്താഴ വിരുന്നൊരുക്കിയിരുന്നു.
നാല് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തിയ രാഷ്‌ട്രപതി നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാഛാദനം ചെയ്യും. ഉച്ചക്ക് ശിവഗിരിയിൽ ശ്രീ നാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്‌ത് കുമരകം റിസോട്ടിൽ താമസിക്കും. 24ന് കൊച്ചി സെൻറ് തെരേസാസ് കോളേജ് ശതാബ്‌ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് വൈകീട്ട് ഡൽഹിയിലേക്ക് മടങ്ങും.



