18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ട്രംപും ന്യൂയോർക്ക് മേയർ മംദാനിയും അനുരഞ്ജനത്തിലേക്ക്, വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച.

വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റി മേയറായി തെരെഞ്ഞെടുക്കപ്പെട്ട സോഹ്‌റാൻ മംദാനിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ശത്രുത അനുരഞ്ജനത്തിലേക്കെന്ന് സൂചന. നാളെ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുമെന്ന് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മാസങ്ങളായി പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന ഈ രണ്ടു രാഷ്ട്രീയ ധ്രുവങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച അനുരഞ്ജനത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

ന്യൂയോർക്ക് സിറ്റിയിലെ കമ്യൂണിസ്റ്റ് മേയർ സോഹ്‌റാൻ ക്വാമെ മംദാനി, കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടു’ എന്നാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടിക്കാഴ്ചയെക്കുറിച്ച് അറിയിച്ചുകൊണ്ട് ട്രംപ് കുറിച്ചത്. കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കുമെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടിയായി, ഒരു പുതിയ മേയർ സ്ഥാനമേൽക്കുന്നതിന് മുൻപ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത് ‘പതിവാണ്’ എന്ന് വ്യക്തമാക്കികൊണ്ട് മേയറുടെ വക്താവ് ഡോറ പെകെക്കും പോസ്റ്റ് ഇട്ടു. ന്യൂയോർക്ക് നിവാസികൾ വോട്ട് ചെയ്ത പൊതു സുരക്ഷ, സാമ്പത്തിക സുരക്ഷ, താങ്ങാനാവുന്ന ജീവിതച്ചെലവ് എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാനാണ് മംദാനി പദ്ധതിയിടുന്നതെന്നും വക്താവ് അറിയിച്ചു.

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് മംദാനിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയെ അദ്ദേഹം ‘കമ്യൂണിസ്റ്റ്’ എന്ന് വിശേഷിപ്പിക്കുകയും, അദ്ദേഹം ജയിച്ചാൽ നഗരം നശിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. ഉഗാണ്ടയിൽ ജനിക്കുകയും 2018-ൽ അമേരിക്കൻ പൗരനാവുകയും ചെയ്ത മംദാനിയെ നാടുകടത്തുമെന്നും ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ടുകൾ പിൻവലിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ജനുവരിയിൽ അധികാരമേൽക്കുന്ന മംദാനി, ന്യൂയോർക്കുകാർക്ക് പ്രയോജനകരമെങ്കിൽ പ്രസിഡന്റുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, ന്യൂയോർക്കുകാർക്ക് ദോഷകരമാകുന്ന ഒരു നടപടിയെയും എതിർക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles