ന്യൂഡൽഹി: നാലര നൂറ്റാണ്ടോളം പഴക്കമുള്ള ഉത്തർപ്രദേശിലെ അയോധ്യയിലെ ബാബരി മസ്ജിദ് തീവ്ര ഹിന്ദുത്വ വാദികൾ തകർത്തിട്ട് ഇന്നേക്ക് (ഡിസംബർ 6) 33 വർഷം തികയുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തിന്റെ മതേതരത്വത്തിനു നേരെയുണ്ടായ ഏറ്റവും വലിയ പ്രത്യക്ഷ ആക്രമണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിന്റെയും സൈന്യത്തിന്റെയും സാന്നിധ്യത്തിൽ, രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ പരിഹസിച്ചാണ് കർസേവകർ പള്ളി തകർത്തത്.
ഈ സംഭവത്തെ തുടർന്ന് ഇന്ത്യയിൽ മുംബൈയിലും ഗുജറാത്തിലും ഉൾപ്പെടെ ഏറ്റവുമധികം ചോരയൊഴുകിയ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബാബരി മസ്ജിദ് തകർത്തപ്പോൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം സ്വീകരിച്ച സമീപനം ‘കൊടുംചതി’യായിട്ടാണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. ഈ വിഷയത്തിലെ കോൺഗ്രസിൻ്റെ നിലപാട്, കേവലം രണ്ടംഗങ്ങൾ മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് പിന്നീട് ഹാട്രിക് വിജയങ്ങളോടെ കേന്ദ്രത്തിൽ അധികാരത്തിൽ വരാനും ഭൂരിപക്ഷം സംസ്ഥാനങ്ങൾ ഭരിക്കാനും വഴിയൊരുക്കി.
പള്ളി തകർക്കപ്പെട്ട സ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്ത കക്ഷിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കൂടുതൽ ആരാധനാലയങ്ങൾക്ക് മേൽ അവകാശവാദം ഉന്നയിച്ചു ഭൂരിപക്ഷ വർഗീയവാദികൾ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനിടയിലാണ് ഒരിക്കൽക്കൂടി ബാബരി ദിനം കടന്നുപോകുന്നത്.



