ന്യൂഡൽഹി: ദിവസങ്ങൾ പിന്നിട്ടിട്ടും ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിക്ക് അയവില്ല. തിങ്കളാഴ്ച മാത്രം 350 വിമാനങ്ങളാണ് കമ്പനി റദ്ദാക്കിയത്. ഇത് തുടർച്ചയായ ഏഴാം ദിവസമാണ് ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത്. ഇന്ത്യൻ വ്യോമയാനരംഗം കണ്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയാണ് നിലവിൽ തുടരുന്നത്. ഡൽഹിയിൽ 134, ബെംഗളൂരുവിൽ 127, ചെന്നൈയിൽ 71 എന്നിങ്ങനെയാണ് പ്രധാന വിമാനത്താവളങ്ങളിൽ മുടങ്ങിയ സർവീസുകളുടെ എണ്ണം.
ശനിയാഴ്ച ആയിരത്തോളം സർവീസുകൾ റദ്ദാക്കുകയും 610 കോടിയുടെ റീഫണ്ട് നൽകുകയും ചെയ്തിരുന്നു. ഡിസംബർ 15-നകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം. അതേസമയം, ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ മേധാവികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി വിശദീകരണം തേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നേരത്തെ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനും ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിരുന്നു.



