അവാർഡ് സ്വീകരിക്കുന്ന ചോദ്യം അപ്രസക്തം’; സവർക്കർ പുരസ്‌കാര വിവാദത്തിൽ ശശി തരൂർ

ന്യൂഡൽഹി: എച്ച്.ആർ.ഡി.എസ്. ഇന്ത്യയുടെ പ്രഥമ വീർ സവർക്കർ പുരസ്‌കാരം തനിക്ക് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കോൺഗ്രസ് എം.പി. ശശി തരൂർ പ്രതികരണവുമായി രംഗത്തെത്തി. പുരസ്‌കാരത്തെക്കുറിച്ചോ, ഇത് നൽകുന്ന സംഘടനയെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ തനിക്ക് വ്യക്തമായ വിവരമില്ലാത്തതിനാൽ, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും അവാർഡ് സ്വീകരിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യം തന്നെ അപ്രസക്തമാണെന്ന് തരൂർ ‘എക്‌സി’ലൂടെ (ട്വിറ്റർ) വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി കേരളത്തിൽ പോയപ്പോഴാണ് മാധ്യമ റിപ്പോർട്ടുകളിലൂടെ താൻ അവാർഡ് വിവരം അറിഞ്ഞതെന്നും, തന്നെയോ ഓഫീസിനെയോ അറിയിക്കാതെ പുരസ്‌കാരം പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണ് എന്നും അദ്ദേഹം ആരോപിച്ചു. പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ജൂറി ചെയർമാൻ നേരിട്ട് തരൂരിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നെന്നും ചടങ്ങിൽ പങ്കെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നെന്നും എച്ച്.ആർ.ഡി.എസ്. സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ തിരിച്ചടിച്ചു.

ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തയാളാണ് സവർക്കറെന്നും, സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും കെ. മുരളീധരൻ എം.പി. ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നിലപാട് എടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles