ന്യൂയോർക്കിന്റെ ചരിത്രം തിരുത്തി മംദാനി; വിശുദ്ധ ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ

ന്യൂയോർക്ക്: ലോകത്തിന്റെ സ്പന്ദനമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി മുപ്പത്തിനാലുകാരനായ സോഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ, ആദ്യ ദക്ഷിണേഷ്യൻ വംശജൻ, ആഫ്രിക്കയിൽ ജനിച്ച ആദ്യ മേയർ എന്നീ അപൂർവ്വ നേട്ടങ്ങളാണ് മംദാനി സ്വന്തമാക്കിയത്. 2026 ജനുവരി 1-ന് പുലർച്ചെ സിറ്റി ഹാളിന് താഴെയുള്ള ഉപേക്ഷിക്കപ്പെട്ട പഴയ സബ്വേ സ്റ്റേഷനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. തന്റെ പിതാമഹന്റെ ഉടമസ്ഥതയിലുള്ള വിശുദ്ധ ഖുർആനിൽ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

തൊഴിലാളിവർഗത്തോടുള്ള തന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് നഗരത്തിലെ ഏറ്റവും പഴയ മെട്രോ സ്റ്റേഷൻ സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹം തെരഞ്ഞെടുത്തത്. ഉച്ചക്ക് സിറ്റി ഹാൾ പ്ലാസയിൽ നടന്ന പൊതുചടങ്ങിൽ വെച്ച് പ്രമുഖ അമേരിക്കൻ സെനറ്റർ ബെർണി സാൻഡേഴ്‌സ് അദ്ദേഹത്തിന് വീണ്ടും സത്യവാചകം ചൊല്ലിക്കൊടുത്തു. വാടക നിയന്ത്രണം, സൗജന്യ ബസ് യാത്ര തുടങ്ങിയ ജനകീയ വാഗ്ദാനങ്ങൾ മുൻനിർത്തിയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ മംദാനി അധികാരത്തിലെത്തിയത്. ഉഗാണ്ടയിൽ ജനിച്ച മംദാനി ഏഴാം വയസ്സിലാണ് ന്യൂയോർക്കിലേക്ക് എത്തിയത്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ചരിത്രവിജയം നേടിയത്.

 

Related Articles

- Advertisement -spot_img

Latest Articles