പൂക്കളവും സദ്യവട്ടവുമായി കേരളം തീർത്ത് ജുബൈൽ, ‘ഓണാനിലാവ് 2026’ വർണാഭമായി

ജുബൈൽ: പ്രവാസി മലയാളികൾക്ക് അവിസ്മരണീയ അനുഭവമായി ജുബൈൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ റോയൽ കമ്മീഷൻ ബീച്ച് ക്യാമ്പിൽ സംഘടിപ്പിച്ച ‘ഓണാനിലാവ് 2026’ ഓണാഘോഷം സമാപിച്ചു. കുടുംബങ്ങളുടെയും കുട്ടികളുടെയും ആവേശകരമായ പങ്കാളിത്തത്താൽ സമ്പന്നമായ ആഘോഷപരിപാടികൾ രാവിലെ മുതൽ രാത്രി വരെ നീണ്ടുനിന്നു.

പരമ്പരാഗത രീതിയിൽ ഒരുക്കിയ പൂക്കളത്തോടെ തുടക്കമായ ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ തിരികൊളുത്തി. മാവേലി, പുലികളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വർണാഭമായ ഘോഷയാത്ര ബീച്ച് ക്യാമ്പിനെ കേരളീയ ഉത്സവാന്തരീക്ഷത്തിലാക്കി.

വിഭവസമൃദ്ധമായ ഓണസദ്യ നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് പ്രവാസഭൂമിയിലും നാടിന്റെ ഓർമകൾ സമ്മാനിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ എബി ആൻഡ് ടീം ഒന്നാം സ്ഥാനവും രാജേഷ് ആൻഡ് ടീം രണ്ടാം സ്ഥാനവും നേടി. കുൽഫി ബ്രോസ്റ്റഡ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് ഷാജഹാൻ വിജയികൾക്ക് സമ്മാനിച്ചു. ജുബൈൽ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും റിട്സ് ബ്യൂട്ടി വേൾഡുമായി സഹകരിച്ച് ‘മലയാളി മങ്ക’ മത്സരവും നടത്തി. മത്സരത്തിൽ ശരണ്യ ഒന്നാം സ്ഥാനവും റിഷാന രണ്ടാം സ്ഥാനവും ധന്യ ഫെബിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആയിഷ അജ്മലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച കലാസന്ധ്യയിൽ വിവിധ നൃത്തങ്ങളും നാടൻ കലാരൂപങ്ങളും അരങ്ങേറി.

കലാഭവൻ നസീബിന്റെ ഫിഗർ ഷോ പ്രധാന ആകർഷണമായി. ആർ.ജെ. നിയാസ് ഇ. കുട്ടി മുഖ്യ അവതാരകനായ ചടങ്ങിൽ യു.ഐ.സി. കമ്പനി സി.ഇ.ഒ ഡോ. ബദറുദീൻ അബ്ദുൽ മജീദ് മുഖ്യാതിഥിയായിരുന്നു. ജുബൈൽ ഇന്ത്യൻ സ്‌കൂളിലെ മലയാളം അധ്യാപകൻ സനൽ കുമാറിന്റെ ‘ടൈംസോണിലെ മൂന്നുകൂട്ടികൾ’ എന്ന പുസ്തകം സമാജം പ്രസിഡന്റ് ബൈജു അഞ്ചലിന് കൈമാറി. സാമൂഹിക പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശ്ശേരി, മുൻ പ്രസിഡന്റ് തോമസ് മമ്മൂടാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ സ്വാഗതവും ട്രഷറർ സുമോദ് മോഹൻ നന്ദിയും പറഞ്ഞു. നവീൻ കോതേരി പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ചു. സമാജം ഭാരവാഹികളും വനിതാ വിഭാഗവും സന്നദ്ധപ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിച്ച ഈ മഹാസംഗമം പ്രവാസലോകത്ത് കേരളത്തിന്റെ സംസ്കാരവും സൗഹൃദവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.

 

Related Articles

- Advertisement -spot_img

Latest Articles