കൊച്ചി: കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ അപമാനിച്ചതായി കാണിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ നോർത്ത് പറവൂർ പൊലിസ് കേസെടുക്കും. ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി സമർപ്പിച്ചിരിക്കുന്നത്. സ്കൂൾ കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട സീറോ ടിക്കറ്റിന് കണ്ടക്ടർ പണം ആവശ്യപ്പെടുകയും, ‘കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നില്ല’ എന്ന് പറഞ്ഞ് പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അടുത്തിടെ തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തല മുണ്ഡനം ചെയ്തിരുന്നു. ഇതിനാൽ ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച കണ്ടക്ടർ പണം ഈടാക്കി ടിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ പെൺകുട്ടിയാണെന്ന് സഹപാഠികൾ ചൂണ്ടിക്കാണിച്ചതോടെയാണ് കണ്ടക്ടർ പരസ്യമായി അധിക്ഷേപം ചൊരിഞ്ഞത്. ‘കണ്ടാല്‍ പെണ്‍കുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരിനോക്കാന്‍ കഴിയില്ലല്ലോ’ എന്നും പറഞ്ഞ് മറ്റു യാത്രക്കാരുടെയും ഡ്രൈവറുടെയും മുന്നിൽ വെച്ച് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പെൺകുട്ടി ചൂണ്ടിക്കാട്ടി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരും തന്നോട് മോശമായി പെരുമാറിയതായി വിദ്യാർത്ഥിനി വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമുണ്ടായ സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിഷയം ശ്രദ്ധയിൽപ്പെടുകയും പോലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അപമാനിക്കൽ, സ്ത്രീത്വത്തെ അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് നോർത്ത് പറവൂർ പൊലിസിന്റെ നീക്കം. കൂടാതെ അനാദരവോടെ പെരുമാറിയ കണ്ടക്ടർക്കെതിരെ വകുപ്പ് തലത്തിൽ കർശന അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.



